തൃശൂര്‍: തൃശൂര്‍ രാമനിലയത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വഴി തടസപ്പെടുത്തിയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്രമന്ത്രിയുടെ വഴി തടസപ്പെടുത്തിയെന്നും സുരക്ഷ ഒരുക്കിയ ഗണ്‍മാനെ തടഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി പരാതി സമര്‍പ്പിച്ചത്.
ഇന്നലെ രാത്രിയോടെയാണ് സുരേഷ് ഗോപി പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയും ലെറ്റര്‍ ഹെഡിലെഴുതിയും പരാതി സമര്‍പ്പിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. തൃശ്ശൂര്‍ സിറ്റി എസിപിക്ക് അന്വേഷണച്ചുമതല നല്‍കി.
പരാതിയിൽ തൃശൂർ എസിപി അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. നാളെ രാവിലെ 11 മണിക്ക് തൃശൂർ പൊലീസ് മൊഴിയെടുക്കും.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ രാമനിലയത്തിൽ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവർത്തകരോട് അപമാനകരമായ രീതിയിൽ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ബിഎൻഎസ് അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ അനിൽ പറഞ്ഞിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സർക്കാർ ഉടമസ്ഥതയിലുള്ള രാമനിലയത്തിൽവെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.