ന്യൂഡല്‍ഹി: വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഡോ. സന്ദീപ് ഘോഷിനേയാണ് അംഗത്വത്തില്‍ നിന്ന് ഐ.എം.എ സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്ക സമിതിയുടേതാണ് തീരുമാനം.
ഐഎംഎയുടെ കൊൽക്കത്ത ബ്രാഞ്ചിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു സന്ദീപ് ഘോഷ്. ഐഎംഎ പ്രസിഡൻ്റ് ഡോ ആർ വി അശോകനാണ് അച്ചടക്ക സമിതിക്ക് രൂപം നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ നുണപരിശോധന സിബിഐ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പി.ജി.ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ സി.ബി.ഐ. സംഘവും സന്ദീപ് ഘോഷിനെ മണിക്കൂറുകളോളം ചോദ്യംചെയ്തു.
അതേസമയം സാമ്പത്തിക ക്രമക്കേടിലും സിബിഐ സന്ദീപ് ഘോഷിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ സൂപ്രണ്ട് അഖ്തർ അലി നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയിലെ ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഒമ്പതിന് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സന്ദീപ് ഘോഷ് ആർ ജി കർ ആശുപത്രിയിൽ നിന്നും രാജിവെക്കുന്നത്.
പിന്നാലെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി ബംഗാൾ സർക്കാർ നിയമിക്കുകയുമായിരുന്നു. 2021 മുതൽ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ബംഗാൾ സർക്കാർ എസ്‌ഐടിയെ രൂപീകരിച്ചതിന് പിന്നാലെ ഈ മാസം 20നാണ് ഇദ്ദേഹത്തിനെതിരെ കൊൽക്കത്ത പൊലീസ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് കോടതി ഉത്തരവ് പ്രകാരം പ്രിൻസിപ്പാളിനെതിരെയുള്ള എല്ലാ രേഖകളും എസ്‌ഐടി സിബിഐക്ക് കൈമാറി.