ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയിൽ നിന്ന് ആനകളെ നീക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനു ബഹുജൻ സമാജ് പാർട്ടി പരാതി നൽകി.
തങ്ങളുടെ പാർട്ടി കൊടിയിലും ആന ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും പാർട്ടി പ്രതിനിധികൾ പറയുന്നു. ടിവികെ പതാകയിൽ നിന്ന് ആനകളെ മാറ്റണം അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. വിഷയം തമിഴക വെട്രി കഴകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതികരണമൊന്നുമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുത്ത് വോട്ടർമാരുടെ ആശയക്കുഴപ്പം പരിഹരിക്കണമെന്നുമാണ് ബിഎസ്പിയുടെ ആവശ്യം.
സ്പെയിൻ പതാക പകർത്തിയെന്ന് സാമൂഹിക പ്രവർത്തകനും നേരത്തേ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നാണ് ടിവികെയുടെ നിലപാട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് താരം തമിഴക വെട്രി കഴകമെന്ന എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാർട്ടി ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്തു. ചുവപ്പും മഞ്ഞയും നിറത്തിൽ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളുമാണ് ടിവികെ കൊടിയിൽ ഉള്ളത്.
2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ വിജയ് അറിയിച്ചിരുന്നു. പാർട്ടി പതാകയും, പാര്‍ട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടിരുന്നു.