2015 ലാണ് സൗത്ത് കരൊലിനെയിലെ ജനങ്ങൾ ആ വാർത്ത ഏറ്റെടുത്തത്. ഇതിഹാസ പുരുഷൻ പല്ലിമനുഷ്യൻ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു . ഏഴടി നീളവും പല്ലിയുടെ ആകൃതിയും ചുവന്നുതിളങ്ങുന്ന കണ്ണുകളുമാണ് പല്ലിമനുഷ്യനുള്ളതെന്നാണ് ഇതിനെ നേരിൽ കണ്ടവർ പറഞ്ഞത്. അന്യഗ്രഹ ജീവികൾ ഉണ്ടോ, ഇല്ലയോ എന്ന കൗതുകം ഇനിയും മനുഷ്യർക്ക് മാറിയിട്ടില്ല. അതിനിടയിലാണ് പല്ലി മനുഷ്യരെ കുറിച്ചുള്ള വാർത്തകളും . പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള ജീവികളാണ് പല്ലി മനുഷ്യർ. സൗത്ത് കരൊലിനയിലെ ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല്ലിമനുഷ്യനെക്കുറിച്ചുള്ള വാർത്ത ആദ്യമായി കേട്ടുതുടങ്ങിയത് 1980 ൽ ആണ്. അന്ന് ക്രിസ്റ്റഫർ ഡേവിസ് എന്ന 17 വയസുകാരനാണ് പല്ലിമനുഷ്യൻ ആക്രമിക്കാൻ ശ്രമിച്ച വാർത്ത പുറത്തു വിട്ടത്.
അതിനെ തുടർന്ന് നിരവധി അന്വേഷണങ്ങൾ നടന്നുവെങ്കിലും പല്ലിമനുഷ്യനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ ആർക്കും സാധിച്ചില്ല. ഭൂമിക്കടിയിലെ രഹസ്യകേന്ദ്രത്തിലാണ് പല്ലിമനുഷ്യന്റെ വാസം. പുറത്തിറങ്ങുമ്പോൾ മനുഷ്യരൂപം സ്വീകരിച്ചാണ് സഞ്ചാരം. ലോകത്തെ നിയന്ത്രിക്കുന്നത് പല്ലി മനുഷ്യരാണെന്നും നിഗൂഢതാ സിദ്ധാന്തക്കാർ വാദിക്കുന്നു. അതല്ല ഏതോ അന്യഗ്രഹത്തിൽ നിന്നെത്തിയതാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള ഈ ജീവികൾ എന്നും വിശ്വാസമുണ്ട്. ലോകത്തിലെ പ്രധാന നേതാക്കളെയെല്ലാം നിയന്ത്രിച്ച് അവരുടെ ചൊൽപ്പടിക്കു നിർത്തി ഭൂമിയെ തങ്ങളുടെ കളിപ്പാവയാക്കിയവരാണ് പല്ലിമനുഷ്യരെന്നാണ് നിഗൂഢതാ സിദ്ധാന്തക്കാരുടെ വാദം. എന്നാൽ ഇറാഖിലെ അൽ ഉബൈദ് കേന്ദ്രത്തിൽ നിന്ന് 1919 ൽ ലഭിച്ച തെളിവുകൾ പല്ലി മനുഷ്യരെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഊർജം പകർന്നു.ഉറിലും എറിഡുവിലും പല്ലിമനുഷ്യരുടെ പ്രതിമകൾ കണ്ടിരുന്നെങ്കിലും ഏറ്റവും കൂടുതൽ പ്രതിമകൾ കണ്ടെത്തിയത് ടെൽ അൽ ഉബൈദ് എന്ന പ്രദേശത്തായിരുന്നു.
അരക്കിലോമീറ്റർ വ്യാസമുള്ള പ്രദേശത്ത് രണ്ട് മീറ്റർ ഉയരത്തിൽ നിലനിന്ന ഒരു കുന്നിൻ പുറമായിരുന്നു ഈ പ്രദേശം.ലോകത്തിലെ നാഗരികതയുടെ തുടക്കംതന്നെ പുരാതന ഇറാഖിലെ മെസപ്പൊട്ടേമിയയിൽ നിന്നാണെന്നാണു ഗവേഷകർ കരുതുന്നത്. സുമേറിയൻ നാഗരികതയാണ് അതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അവർക്കും മുൻപേ, ഇറാഖിൽ ജീവിച്ചിരുന്ന ഒരു വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങളാണ് 1919ൽ കണ്ടെത്തിയത്.പുരാവസ്തു ഗവേഷകന്‍ ഹാരി റെഗിനാൾഡ് ഹാളിന്റെ നേതൃത്വത്തിൽ അൽ ഉബൈദ് പ്രദേശത്തു നടത്തിയ ഉദ്ഖനനത്തിൽ കണ്ടെത്തിയത് ഏകദേശം 7000 വര്‍ഷം പഴക്കമുള്ള വസ്തുക്കളായിരുന്നു. അക്കൂട്ടത്തിലാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള പ്രതിമകളും കണ്ടെത്തിയത്. ചുമലുകളിൽ ഉയർന്നു നിൽക്കുന്ന തൊങ്ങലുകളോ ചിറകുകളോ പോലുള്ള അടയാളങ്ങളും. ഇവ മാത്രം ഒറ്റയ്ക്കു നിൽക്കുന്ന പ്രതിമകളായിരുന്നെങ്കിൽ പുരാതന ഈജിപ്തിലേതു പോലെ ദൈവങ്ങളുടേതാണെന്നു കരുതാമായിരുന്നു.
പ്രതിമകളിൽ ചിലത് ഒരുതരം അധികാര ദണ്ഡ് കയ്യിൽ കരുതിയിരുന്നു. ഭരണത്തിന്റെയും നീതിയുടെയും അടയാളമായിരുന്നു അതെന്നാണു കരുതുന്നത്. ഉബൈദിയൻ സംസ്കാരത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരുന്നു പ്രതിമകളെന്നത് ഇതിൽനിന്നെല്ലാം വ്യക്തം. നീളമുള്ള തല, ഉരുണ്ട കണ്ണുകൾ, നീണ്ട മുഖം, പല്ലിയുടേതു പോലുള്ള മൂക്ക് തുടങ്ങിയവയായിരുന്നു പ്രതിമകളുടെ പ്രത്യേകതകൾ. പെൺ പ്രതിമകളായിരുന്നു കൂടുതലും. എല്ലാ പ്രതിമകൾക്കും തലയിൽ കിരീടമുണ്ടായിരുന്നു. കുട്ടികൾക്കു പാലു കൊടുക്കുന്ന പല്ലിമനുഷ്യസ്ത്രീകളുടെ ശിൽപങ്ങളും ഏറെയുണ്ടായിരുന്നു. കുട്ടികൾക്കും പല്ലിമനുഷ്യരുടെ രൂപമായിരുന്നു. അങ്ങനെയാണ് ഇവ ഭൂമിയിൽത്തന്നെയുണ്ടായിരുന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.
STORY HIGHLLIGHTS : is-this-mythical-lizard-man-of-south-carolina