കൊച്ചി: നടിയുടെ ആരോപണത്തിന് പിന്നാലെ ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ഒഴിഞ്ഞു.
ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.
നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്‍റെ പേരും നടി പറഞ്ഞത്. ലൊക്കേഷൻ കാണിക്കാനെ വ്യാജേന ദുരുദ്ദേശത്തോടെ തന്നെ നിർമ്മാതാവിൻ്റെ മുറിയിൽ എത്തിച്ചെന്ന ഗുരുതര പരാതിയാണ് അഡ്വ വി എസ് ചന്ദ്രശേഖരനെതിരെ ഉള്ളത്.
ഇതിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചേതേടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. മോൻസൻ മാവുങ്കൽ കേസ്, ഇ.പി. വധശ്രമക്കേസ്, എം.വി.ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് തുടങ്ങിയവയിൽ കെ സുധാകരന് വേണ്ടി കോടതയിൽ ഹാജരായത് ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ വി.എസ് ചന്ദ്രശേഖരനാണ്.
ചന്ദ്രശേഖരനെ ചുമതലയിലേക്ക് എത്തിച്ചതും കെ.സുധാകരനായിരുന്നു. ഇതിനിടെയായിരുന്നു വി.എസ്.ചന്ദ്രശേഖരനെ തൽസ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് കോൺഗ്രസ് ഹൈക്കോടതി വനിതാ വിഭാഗം പാർട്ടി നേതൃത്വത്തിന് കത്തയച്ചത്. ഇതിന് പിന്നാലെയാണ് വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചത്.
നടി ഉന്നയിച്ച ആരോപണം കളവാണെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. താരത്തിനൊപ്പം ഒരിക്കൽ പോലും ഒന്നിച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതു ജീവിതവും പ്രഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.