തിരുവനന്തപുരം: ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജയസൂര്യക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ.
നടിയുടെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തിയതിനു പിന്നാലെയാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണു പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. പരാതികളും മൊഴികളും ഔദ്യോഗികമായി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം സജീവമായതോടെ സിനിമാ പീഡന വെളിപ്പെടുത്തലുകളിൽ നടന്മാർക്കെതിരായ കുരുക്കു മുറുകുകയാണ്.