മോസ്കോ: തെക്കൻ റഷ്യയിലെ റസ്തൊവിൽ എണ്ണ ശേഖരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. റസ്തൊവിലെ കമെൻസ്കിയിലുള്ള ഡിപ്പോയിലാണു തീ പടർന്നത്. ഇവിടെനിന്ന് 1500 കിലോമീറ്റർ അകലെ കിറോവിലും ആക്രമണം നടന്നു. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണിത്.
കഴിഞ്ഞ 18ന് ഉണ്ടായ യുക്രെയ്‍ൻ ഡ്രോൺ ആക്രമണത്തിൽ റസ്തൊവിലെ പ്രൊലെറ്റാർസ്കിലുള്ള എണ്ണ ശേഖരണ കേന്ദ്രത്തിനു തീപിടിച്ചത് ഇപ്പോഴും അണയ്ക്കാനായിട്ടില്ല. ഈ മാസം ആദ്യം കമെൻസ്കിയിലെ മറ്റൊരു എണ്ണ ഡിപ്പോയും ആക്രമിക്കപ്പെട്ടു. ആർക്കും പരുക്കില്ലെന്ന് റസ്തൊവ് ഗവർണർ അറിയിച്ചു. മേഖലയിൽ 12 ഡ്രോണുകൾ തകർത്തതായി റഷ്യൻ സൈന്യം അറിയിച്ചു.