തൃശ്ശൂർ: മാര്‍ഗതടസമുണ്ടാക്കിയെന്ന മാധ്യമങ്ങൾക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്തു. മീഡിയവൺ, റിപ്പോർട്ടർ, മനോരമ ചാനലുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞു മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റുകയായിരുന്നു. തന്‍റെ വഴി സ്വന്തം അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി കാറില്‍ കയറിപ്പോകുകയായിരുന്നു.
അതേസമയം, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽസുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിന് നിർദേശം നൽകിയത്. സിറ്റി എ.സി.പിക്കാണ് തൃശൂർ കമ്മിഷണര്‍ നിർദേശം നൽകിയത്.
സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നത് കേന്ദ്ര സർക്കാരിനെ സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്. മന്ത്രിയെ തടഞ്ഞ സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ അന്വേഷണമുള്ളതും ധരിപ്പിച്ചു. ദില്ലി പൊലീസ് ഇന്ന് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയേക്കും.
മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത്. ആരോപണം ഉയർന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരേഷ് ഗോപി അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ നിലപാടാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്റെ നിലപാട്.