കൊച്ചി: ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനു പുറമേ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്തു.
മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെയും, ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും കേസെടുത്തിരുന്നു. ആരോപണങ്ങളെ തുടർന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും, സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് അമ്മയുടെ ഭരണ സമിതിയും കഴിഞ്ഞ ദിവസം രാജിവച്ചു.
നടനും എംഎൽഎയുമായ മുകേഷ്, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, മുൻ ഭാരവാഹികളായ ജയസൂര്യ, മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവർക്കെതിരെ നടി മിനു മുനീർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ സിനിമരംഗം വിട്ട മുൻ ജൂനിയർ നടിയാണു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിമാരായ ഗീത വിജയനും ശ്രീദേവികയും സംവിധായകൻ തുളസീദാസിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. സംവിധായകൻ വി.കെ.പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്തായ യുവതിയാണ് എത്തിയത്.