വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാനിരിക്കെ ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര മുൻനിർത്തിയാണ് പ്ലാൻ. യാത്രക്കായി മുവായിരത്തോളം പരിസ്ഥിതി സൗഹൃദ ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. റോഡിലെ തിരക്ക് കുറക്കാനും, അപകടങ്ങൾ ഒഴിവാക്കാനും, വിദ്യാർഥികൾക്കും സ്‌കൂൾ വാഹനങ്ങൾക്കും സുരക്ഷിത യാത്രയൊരുക്കാനും സമഗ്രമായ റോഡ് ട്രാഫിക് പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.
പട്രോളിങും നിരീക്ഷണവും വർധിപ്പിക്കും. ഒപ്പം, ഇൻറർസെക്ഷൻ, സ്‌കൂൾ പരിസരങ്ങൾ എന്നിവടങ്ങളിൽ ട്രാഫിക് പൊലീസ് സേവനവും കൂട്ടും. രാജ്യത്തിന്റെ മുഴുവൻ മേഖലകളിലെയും റോഡ് ഗതാഗതം ‘തലാഅ’ നിരീക്ഷണ കാമറകൾ വഴി അധികൃതർ നിരീക്ഷിക്കുകയും, അടിയന്തിര സാഹചര്യത്തിൽ ട്രാഫിക് പൊലീസിന് ഇടപെടാൻ വഴിയൊരുക്കുകയും ചെയ്യും. വർധിച്ചുവരുന്ന വാഹന പെരുപ്പത്തിനനുസരിച്ച് മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങൾകൂടി ഉപയോഗപ്പെടുത്തിയാണ് മന്ത്രാലയത്തിനു കീഴിൽ ട്രാഫിക് പ്ലാൻ തയ്യാറാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അധികൃതർ വ്യക്തമാക്കി.
അതേ സമയം വിദ്യാർഥികളുടെ യാത്രക്ക് 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകൾ സജ്ജമാണെന്ന് പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് അറിയിച്ചു. കാർബൺ പുറന്തള്ളൽ കുറഞ്ഞ യൂറോഫൈവ് സ്റ്റാൻഡേഡ് ബസുകളാണ് ഇവ. പത്ത് ഇലക്ട്രിക് ബസുകളും കുട്ടികളുമായി നിരത്തിലോടും. 2030ഓടെ പൊതുഗതാഗത മേഖല പൂർണമായും വൈദ്യുതീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.