Travel

എത്ര കൊടിയ ചിലന്തി വിഷമായാലും ഇവിടെയെത്തിയാല്‍ അത് ശരീരത്തില്‍ നിന്നും ഇറങ്ങും; എവിടെയാണ് ആ പുണ്യസന്നിധി?

ചിലന്തി വിഷ ചികിത്സയ്ക്ക് പേരുകേട്ടിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും ആളുകളെത്താറുണ്ട്

ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ കഥകളാണ് പറയാനുള്ളത്. ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങള്‍ എല്ലാം ഇന്നും കൃത്യമായി പരിപാലിച്ചു പോകാറുമുണ്ട്. ക്ഷേത്ര ഐതിഹ്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ അറിഞ്ഞും കേട്ടും പല ദൂരെയുള്ള അമ്പലങ്ങളിലും തീര്‍ഥാടനം നടത്താറുണ്ട്. ഇഷ്ടകാര്യസിദ്ധിക്ക്, രോഗശാന്തിക്ക് അങ്ങനെ തുടങ്ങി നിരവധി വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇന്ന് പല ക്ഷ്രേതങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇതിന് സമാനമായി വളരെ പ്രത്യേകതയുള്ള ഒരു ക്ഷേത്രമാണ് കൊടുമണ്‍ ചിലന്തി ക്ഷേത്രം. ഇന്ത്യയിലെ തന്നെ ചിലന്തിയെ ദൈവമായി ആരാധിക്കുന്ന ഏക ക്ഷേത്രമാണ് ഇതെന്ന് പറയപ്പെടുന്നു. കൊടുമണ്‍ പള്ളിയിറക്കാവ് ദേവീക്ഷേത്രം എന്നും ചിലന്തി അമ്പലം അറിയപ്പെടുന്നു.

ചിലന്തി വിഷബാധയില്‍ നിന്നുള്ള ശമനത്തിനും ത്വക്ക് രോഗങ്ങളില്‍ നിന്നുള്ള ശമനത്തിനുമാണ് പ്രധാനമായും ആളുകള്‍ ഇവിടേക്കെത്തുന്നത്. ചിലന്തി വിഷ ചികിത്സയ്ക്ക് പേരുകേട്ടിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും ആളുകളെത്താറുണ്ട്. ഇവിടെ എത്തി പ്രാര്‍ഥിച്ച് ഇവിടുത്തെ ചികിത്സ നടത്തിയാല്‍ എത്ര കൊടിയ ചിലന്തി വിഷമായാലും അത് ശരീരത്തില്‍ നിന്നും ഇറങ്ങുമെന്നാണ് വിശ്വാസം. ചിലന്തി വിഷമേറ്റവര്‍ ക്ഷേത്രത്തിലെത്തിയാല്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ആദ്യം പള്ളിയറക്കാവിലമ്മയെ കുളിച്ച് തൊഴുത് മലര്‍ നിവേദ്യം നടത്തണം. അപ്പോള്‍ ലഭിക്കുന്ന ഭസ്മം ശരീരത്തില്‍ നിറയെ ലേപനം ചെയ്യണം. വിശ്വാസത്തോടെ ചെയ്താല്‍ എത്ര കഠിന വിഷമാണെങ്കിലും പോകുമെന്നാണ് വിശ്വാസം. ഇവിടുത്തെ കിണറിലെ ജലത്തിലും അപൂര്‍വ്വ രോഗശമന ശേഷി ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചിലന്തി അമ്പലത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അതിലൊന്ന് ചെന്നീര്‍ക്കര സ്വരൂപവുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ ശക്തിഭദ്രന്‍ എന്നയാളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ചെന്നീര്‍ക്കര രാജാക്കന്‍മാരില്‍ പ്രധാനിയായിരുന്ന രവീന്ദ്ര വിക്രമന്‍ പേരുകേട്ട വിഷ ചികിത്സകനായിരുന്നു. അത്യപൂര്‍വ്വങ്ങളായ അങ്ങാടി മരുന്നുകളുടെ ഒരു വലിയ ശേഖരം തന്നെ ഇദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. എന്നാല്‍ തന്റെ കാലശേഷം വിഷചികിത്സ തുടര്‍ന്നു കൊണ്ടുപോകുവാന്‍ ഒരാണ്‍തരി ഇല്ലാത്തത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. മൂന്നു പെണ്‍മക്കളായിരുന്നു രവീന്ദ്ര വിക്രമനുണ്ടായിരുന്നത്.തന്റെ ചികിത്സ തുടര്‍ന്നുകൊണ്ടാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.

ഇതേതുടര്‍ന്ന് അദ്ദേഹം വിഷമം മൂലം തന്റെ കയ്യിലുണ്ടായിരുന്ന മരുന്നുകളുടെ ശേഖരമത്രയും ഒരു കിടങ്ങു കുഴിച്ച് അതിലിട്ടു. ക്ഷേത്രത്തിനു ചുറ്റിലുമായി കുറിച്ച ഈ കിടങ്ങില്‍ നിന്നും മരുന്നുകളുടെ സത്തുമായി വരുന്ന വെള്ളമാണ് ഇവിടുത്തെ കിണറ്റിലുള്ളത്. അദ്ദേഹത്തിന്റെ കാലശേഷം മൂത്തമകള്‍ വസൂരി ബാധിച്ചും അതിന്റെ ദുഖത്തില്‍ ഇളയ ആളും മരിച്ചു. ഇതൊക്കെ കണ്ട ഏറ്റവും ഇളയ ആള്‍ നിലവറയില്‍ കയറി തപസ്സനുഷ്ഠിച്ചു. പിന്നീട് അറ തുറന്നു നോക്കിയപ്പോള്‍ ചിലന്തികളെക്കൊണ്ടു മൂടിയ തമ്പുരാട്ടിയുടെ ശരീരമാണ് കാണുന്നത്. ഇതില്‍ ദൈവ ശക്തിയുണ്ടെന്ന് മനസ്സിലാക്കിയ ആളുകള്‍ തമ്പുരാട്ടിയെ ചിലന്തിയമ്മയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങി. അങ്ങനെയാണ് ഇവിടെ ചിലന്തി ക്ഷേത്രം നിര്‍മ്മിക്കുന്നത്.

വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം നടക്കുന്നത്. മകരത്തിലെ പൗര്‍ണ്ണമി നാളില്‍ ഈ ക്ഷേത്രത്തില്‍ ചന്ദ്ര പൊങ്കാലയും ആഘോഷിക്കുന്നു. അഭീഷ്ടസിദ്ധിക്കായി വ്രതാനുഷ്ഠാനത്തോടെ നടത്തുന്ന പൊങ്കാല സൂര്യാസ്തമയത്തോടെ ആരംഭിച്ച് ചന്ദ്രോദയത്തോടെ അവസാനിക്കും. പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍ കൊടുമണ്‍ എന്ന ഗ്രാമപ്രദേശത്താണ് ചിലന്തി അമ്പലം സ്ഥിതിചെയ്യുന്നത്. കൊടുമണ്‍ ജംഗ്ഷനാണ് ക്ഷേത്രത്തിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

STORY HIGHLIGHTS: Chilanthi Temple, Pathanamthitta