പാർപ്പിട മേഖലയിലെ കെട്ടിടങ്ങൾ അനധികൃതമായി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. ഇത്തരം നിയമലംഘകർക്കെതിരെ പിഴയടക്കം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പാർപ്പിടമേഖലയിലെ കെട്ടിടങ്ങൾ അനധികൃതമായി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ്. കൂടാതെ ഇത്തരം പ്രവർത്തനങ്ങൾ സാമൂഹികവും സാമ്പത്തികവുമായി പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് എന്നും നഗരസഭ പ്രസ്താവനയിൽ അറിയിച്ചു.
പാർപ്പിടമേഖലയിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം നഗരത്തിന്റെ പൊതുവായ മുഖം കാത്തുസൂക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നിയന്ത്രണം. ഇത് പ്രകാരം സീബ്, ബോഷർ, ഖുറിയാത്ത്, അൽ അമിറാത്ത് എന്നിവിടങ്ങളിലെ നിശ്ചിത റോഡുകളിൽ മാത്രമാണ് കിൻഡർഗാർട്ടനുകൾ, സ്വകാര്യ സ്‌കൂളുകൾ, വനിതകൾക്കുള്ള സലൂണുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, റീട്ടെയിൽ തുണിക്കടകൾ തുടങ്ങിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ളൂ.