ഇരുപത്തിയൊന്നാമതു കന്നുകാലി സെന്‍സസ് പ്രവൃത്തികള്‍ക്ക് സെപ്റ്റംബര്‍ 2ന് തുടക്കമിടുമ്പോള്‍ മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം, പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും. ഡിസംബര്‍ 31 വരെയാണ് സെന്‍സസ്സ് നടക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പില്‍ നിന്നും 3500ല്‍ അധികം എന്യൂമറേറ്റമാരെ നിയോഗിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ഒരു കോടി ആറ് ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും എന്യൂമറേറ്റര്‍മാര്‍ സന്ദര്‍ശിക്കും. ഇവിടങ്ങളിലെ നാട്ടാന ഉള്‍പ്പെടെയുള്ള വിവിധയിനം വളര്‍ത്തു മൃഗങ്ങളുടെയും കോഴിവര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും.
ഇതോടൊപ്പം അറവുശാലകള്‍, കശാപ്പുശാലകള്‍, മാംസ സംസ്‌ക്കരണ പ്ലാന്റുകള്‍, ഗോശാലകള്‍ മുതലായവയുടെ വിവരങ്ങളും ശേഖരിക്കും. കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ തല നോഡല്‍ ഓഫീസര്‍മാര്‍ക്കും എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും. അതിന് ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മേഖലയിലെ വികസന പരിപാടികളില്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ സര്‍ക്കാരിനേയും ഇതര ഏജന്‍സികളേയും സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.സിന്ധു കെ അധ്യക്ഷം വഹിച്ച ചടങ്ങില്‍ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ശ്രീ. ബി ശ്രീകുമാര്‍, പ്ലാനിങ് ബോര്‍ഡ് അഗ്രി. ചീഫ് ശ്രീ എസ്. എസ്. നാഗേഷ്, പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ ഡോ.സുനില്‍കുമാര്‍.ആര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ ഡോ.ശിവദുര്‍ഗ, ഡോ. അജിത്ബാബു, ഡോ. ശ്രീകുമാര്‍ പി എസ്, സ്റ്റാറ്റിസ്റ്റിക്‌സ് ജോയിന്റ് ഡയറക്ടര്‍ ശ്രീ. ശ്രീജന്‍ വി കെ എന്നിവര്‍ സംസാരിക്കുകയും ചെയ്തു.
CONTENT HIGHLIGHTS; Livestock Census: From Cattle to Stray Dogs; Commencing on September 2