കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ക്രൈംബ്രാഞ്ച്. പ്രതി അഖിൽ വർഗീസിനെ കണ്ടെത്താനാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്ക് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. കഴിഞ്ഞ 22 ദിവസമായി ഒളിവിൽ കഴിയുന്ന പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിലിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്.
മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്ത പ്രതിയെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതിനിടെ പെൻഷൻ തട്ടിപ്പ് വിവാദങ്ങൾക്കിടെ ചെയർപേഴ്സണെതിരായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. ക്വാറം തികയാത്തതിനെ തുടർന്ന് അവിശ്വാസം ചർച്ചയ്ക്കെടുത്തില്ല. യുഡിഎഫ് അംഗങ്ങക്കൊപ്പം ബിജെപിയും വിട്ടുനിന്നതാണ് അവിശ്വാസം പരജയപ്പെടുവാൻ കാരണം. ബിജെപി – കോൺഗ്രസ് കൂട്ടുകെട്ടാണ് മറ നീക്കി പുറത്തുവരുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.