മലയാളം ടെലിവിഷന്‍ ചാനല്‍ രംഗത്ത് റേറ്റിങ്ങില്‍ ഒന്നാമതെത്താന്‍ എല്ലാ ചാനലുകളും മത്സരിക്കുകയാണ്. ബാര്‍ക് റേറ്റിങ് വന്നതിനുശേഷം വിനോദ വിഭാഗത്തില്‍ നിന്നും എഷ്യാനെറ്റിന് ഇതുവരെ വെല്ലുവിളികള്‍ ഉണ്ടായിട്ടില്ല. ഇപ്പോഴും ഇതര ചാനലുകളെ ബഹുദൂരം പിന്നിലാക്കി എഷ്യാനെറ്റിന്റെ എന്റര്‍ടെയിന്‍മെന്റ് ചാനല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചകളായി വാര്‍ത്ത ചാനല്‍ രംഗത്ത് നടക്കുന്ന മത്സരം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഒന്നാം സ്ഥാനത്തിനുവേണ്ടി കടുത്ത മത്സരം തന്നെയാണ് നടക്കുന്നതെന്ന് പറയാതെ വയ്യ. ബാര്‍ക് രൂപീകരണത്തിനു ശേഷം ഇതുവരെ ഒന്നാം സ്ഥാനത്ത നിന്നും താഴേക്ക് ഇറങ്ങേണ്ടി വന്നിട്ടില്ലാത്ത ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ മൂന്നാഴ്ചയായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മാറി മാറി തുടരുകയാണ്. 24 ന്യൂസ് ആണ് കഴിഞ്ഞ മൂന്നാഴ്ചയായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ ഈയാഴ്ചത്തെ ബാര്‍ക് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടി ഏഷ്യനെറ്റും 24 ന്യുസ് കടുത്ത മത്സരമാണ് നടത്തിയത്. ഇരു ചാനലുകളും തമ്മില്‍ റേറ്റിങ്ങില്‍ നേരിയ വ്യത്യാസമാണ് ഉണ്ടായത്. അടുത്തയാഴ്ചയോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാം സ്ഥാനം തിരികെ പിടിക്കുമെന്നാണ് പുതിയ റേറ്റിങ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
24 ന്യൂസിന് റേറ്റിങ്ങില്‍ വലിയ ഇടിവാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞയാഴ്ച 157.3 പോയിന്റോടെ ഒന്നാമത് നിന്ന 24 ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും 132.7 പോയിന്റിലേക്ക് കൂപ്പ്കുത്തുകയായിരുന്നു. 147.6 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നിന്ന ഏഷ്യാനെറ്റ് ന്യൂസ് ഈ ആഴ്ച നില മെച്ചപ്പെടുത്തി 132.2 പോയിന്‍ോടെ രണ്ടാം സ്ഥാനത്തേക്ക് എത്തി. 149.1 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവി 110.5 പോയിന്റിലേക്ക് താഴ്ന്ന മൂന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെട്ടു. 72.8 പോയിന്റ് ഉണ്ടായിരുന്ന മനോരമ ന്യൂസ് ഇക്കുറി 62.6 പോയിന്റിലേക്ക് താഴ്ന്ന് നാലാമത് തന്നെ തുടരുകയാണ്. 50.8 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 23.2 പോയിന്റോടെ എട്ടാമത് നിന്ന ജനം ടിവി ഈ ആഴ്ച 22.6 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 21.9 പോയിന്റോടെ കൈരളി ഏഴാമതും 19.4 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 15.2 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമത് തന്നെ തുടരുകയാണ്.
ഷിരൂരിലെ മണ്ണിടിഞ്ഞ് അര്‍ജുനിനെ കാണാതായ സംഭവത്തോടെയായിരുന്നു ന്യൂസ് ചാനല്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പറയാം. ലൈവ് വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പുത്തന്‍ മാര്‍ഗങ്ങള്‍ തേടിയതും, മുഴുവന്‍ സമയത്തും സംഭവ സ്ഥലത്ത് നിന്നും വാര്‍ത്തകള്‍ ഇടതടവില്ലാതെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചതും കാഴ്ചക്കാരെ ചാനലുകൾ മാറ്റാന്‍ പ്രേരിപ്പിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവും ഇതേ മാതൃകയില്‍ ചാനലുകള്‍ അവതരിപ്പിച്ചു. ഇടതടവില്ലാതെ ഉരുള്‍പൊട്ടല്‍ മേഖലയിലൂടെ ലൈവ് വാര്‍ത്തകള്‍ നല്‍കി വിവിധ ചാനലുകള്‍ ഒരാഴ്ചയോളം വിഷയം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്ത ആഴ്ചയായിരുന്നു ചാനല്‍ റേറ്റിങ്ങില്‍ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യ മാറ്റം ഉണ്ടായത്. 24 ന്യൂസ് ബാര്‍ക് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. പിന്നീട് മൂന്നാഴ്ചയും ഈയാഴ്ചയും ഉള്‍പ്പടെ ഒരുമാസക്കാലം 24 ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചെങ്കിലും കഴിഞ്ഞയാഴ്ച മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, റിപ്പോര്‍ട്ടര്‍ ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പ്രധാനമായും ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയുള്ള കൃത്യമായ വിശകലങ്ങളടങ്ങിയ വാര്‍ത്തയാണ് ഏഷ്യനെറ്റിനെ വീണ്ടു റേറ്റിങ്ങില്‍ കുതിപ്പ് നടത്താന്‍ സഹായകമായത്. ഒരു മാസം കൊണ്ട് റേറ്റിങ്ങില്‍ വ്യത്യാസമുണ്ടായെന്നു കരുതി അത്ര വേഗത്തില്‍ ഒന്നും പരസ്യങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യുസിന് തിരികെ എത്താനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും പുതിയ റേറ്റിങ് വ്യത്യാസങ്ങള്‍ താത്ക്കാലികമണെന്നും അഭിപ്രയമുയരുന്നു. ലൈവത്തോണും ആക്ടീവ് ജേര്‍ണലിസവും ഒരു താത്ക്കാലി പ്രതിഭാസമാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ (IBDF), പരസ്യദാതാക്കള്‍ (ISA), പരസ്യ-മാധ്യമ ഏജന്‍സികള്‍ (AAAI) എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു സംയുക്ത സ്ഥാപനമാണ്. ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ മെഷര്‍മെന്റ് സയന്‍സ് വ്യവസായ സ്ഥാപനമാണിതെന്ന് വിശേഷിപ്പിക്കുന്നു. ടിവി ചാനലുകളുടെ വ്യൂവര്‍ഷിപ്പ് അളക്കാന്‍ ഓഡിയോ വാട്ടര്‍മാര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു , കൂടാതെ സമയം മാറ്റിയുള്ള കാഴ്ചയും സിമുല്‍കാസ്റ്റുകളും അളക്കുന്നു. 2010-ലാണ് കമ്പനി സ്ഥാപിതമായത്.
Content Highlights; News channels in Malayalam again have a tough competition to win the first place in the Barc ratings