യാത്ര പോകാന്‍ തീരുമാനിക്കുമ്പോള്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. പഴയകാലത്തെ രീതികളും സംസ്‌കാരങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം അനുഭവിച്ചും കണ്ടും അറിയാന്‍ മലയാളികള്‍ക്ക് എന്നും വലിയ ഇഷ്ടമാണ്. അത്തരത്തില്‍ ചരിത്രത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ കഴിയുന്ന കാസര്‍കോട് ജില്ലയിലെ വളരെ പുരാതനമായ ഒരു കോട്ടയാണ് ചന്ദ്രഗിരി കോട്ട. കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പുഴയായ പയസ്വിനി ചന്ദ്രഗിരിപ്പുഴ എന്നും അറിയപ്പെടുന്നു. ഈ പുഴയുടെ തീരത്ത് സ്ഥതിചെയ്യുന്ന ചരിത്ര പ്രാധാന്യമുളള കോട്ടയാണ് ചന്ദ്രഗിരിക്കോട്ട.
പയസ്വിനി നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്താണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്. പയസ്വിനിപ്പുഴയെ ചന്ദ്രഗിരിക്കോട്ടയുടെ മുകളില്‍നിന്നും വിശാലമായി കാണാനാകും. പതിനേഴാംനൂറ്റാണ്ടിലാണ് ഈ കോട്ട പണിതത് എന്ന് പറയപ്പെടുന്നു. ചന്ദ്രഗിരി എന്ന സ്വതന്ത്രരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നിരിക്കാം ഈ ചെങ്കല്‍കോട്ട എന്നും പറയപ്പെടുന്നു.
കിഴക്കും പടിഞ്ഞാറും ഭാഗത്തായി കിടങ്ങിലേക്ക് രണ്ട് വഴികളുണ്ട് ഇവിടെ. പടവുകളുള്ള ഒരു കുളം ഈ കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു. കോട്ടയ്ക്കുള്ളില്‍ ബാരക്കുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ കാണാം. മലയുടെ പുറം ഭാഗത്തേക്കുള്ള ഒരു ഭൂഗര്‍ഭ പാതയുടെ പ്രവേശന ഭാഗവും കോട്ടയുടെ വടക്കുകിഴക്കന്‍ മൂലയില്‍ കാണാം. ഏകദേശം ഏഴ് ഏക്കര്‍ വിസ്തൃതിയുണ്ട് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്. ശിവപ്പ നായ്ക് മുതല്‍ മൈസൂര്‍ രാജാവായിരുന്ന ഹൈദരാലിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും കൈവശം വച്ചിരുന്ന കോട്ടയാണിത്. ശിവപ്പ നായ്ക് ആണ് കോട്ട പണികഴിപ്പിച്ചത്.
ചരിത്ര പ്രാധാന്യമുള്ള ഈ കോട്ടയുടെ മുകളില്‍ നിന്നാല്‍ പയസ്വിനി എന്ന് വിളിക്കുന്ന ചന്ദ്രഗിരി പുഴ കടലുമായി സംഗമിക്കുന്ന കാഴ്ച കാണാന്‍ സാധിക്കും. ഈ കാഴ്ചയ്ക്ക് മാറ്റുകൂട്ടാന്‍ തെങ്ങിന്‍ തോപ്പുകളും പച്ചവിരിച്ച പുല്‍പ്പാടങ്ങളും ഇവിടെ നിന്നും കാണാന്‍ സാധിക്കും. ചരിത്ര പ്രാധാന്യമുള്ള കീഴൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ കോട്ടയുടെ സമീപത്തായാണ്. അതിനുപുറമേ ഒരു മുസ്ലിം പള്ളിയും കോട്ടയുടെ അടുത്തുതന്നെ സ്ഥിതിചെയ്യുന്നുണ്ട്. കോട്ടയിപ്പോള്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലാണ്.
ചന്ദ്രഗിരി കോട്ടയില്‍ നിന്നും തൊട്ടടുത്തുള്ള ദ്വീപുകളിലേക്ക് ഇവിടെ നിന്നും ബോട്ട് സര്‍വീസുകള്‍ ഉണ്ട്. സ്പീഡ് ബോട്ടുകള്‍, ഹൗസ് ബോട്ട് സവാരികള്‍, വനയാത്രകള്‍, ദ്വീപുകളില്‍ ക്യാമ്പിംഗ്, കൂടാതെ ചന്ദ്രഗിരി പാലത്തിന് സമീപമുള്ള മത്സ്യത്തൊഴിലാളികള്‍ കായലിലൂടെ സവാരി നല്‍കുകയും അടുത്തുള്ള ദ്വീപുകളിലേക്കുള്ള യാത്രകള്‍ ക്രമീകരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവിടം ഒരു കംപ്ലീറ്റ് ടൂര്‍ പാക്കേജ് ആണെന്ന് തന്നെ പറയാം. ചന്ദ്രഗിരി കോട്ടയില്‍ നിന്നും ചരിത്ര പ്രാധാന്യമുള്ള ബേക്കല്‍ കോട്ടയിലേക്ക് വെറും 10 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. എന്നാല്‍ ബേക്കല്‍ കോട്ടയില്‍ എത്തുന്ന സഞ്ചാരികളെ അപേക്ഷിച്ചു ഇവിടെ വളരെ തിരക്ക് കുറവാണ്.
STORY HIGHLIGHTS: Chandragiri Fort, Kasargod