തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നാളെ ഉച്ചയ്ക്ക് ഓണസദ്യ തയ്യാറാക്കുന്നു. പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളും മുന്നൂറോളം അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളും ഓണസദ്യയില്‍ പങ്കുചേരും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഓണവിഭവങ്ങള്‍ക്കായി കൊണ്ടുവന്നിരിക്കുന്ന സാധനങ്ങള്‍ തരംതിരിച്ചുകഴിഞ്ഞു. ഇന്നലെ വൈകിട്ട് തന്നെ സദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അധ്യാപകര്‍ ആരംഭിച്ചു. ഇന്ന് ഉച്ചയോടുകൂടി സ്‌കൂളിലെ നാല് ഓഡിറ്റോറിയങ്ങളില്‍ നാല് പന്തികളിലായി മുഴുവന്‍ വിദ്യാര്‍ത്ഥികളും ഓണസദ്യ ഉണ്ണും.
പായസമടക്കം എല്ലാ വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. ഇതിനോടു ചേര്‍ന്ന് പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും ചേര്‍ന്ന ആയിരത്തോളം ഓണക്കിറ്റുകള്‍ അര്‍ഹരായ കുട്ടികള്‍ക്ക് നല്‍കുന്നു. ഒന്നിച്ചോണം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. നഗരത്തിലെ പല പ്രമുഖരും മാതാപിതാക്കളുടെ പ്രതിനിധികളും ഓണസദ്യയില്‍ പങ്കുചേരും. പ്രിന്‍സിപ്പല്‍ ഫാ. നെല്‍സണ്‍ വലിയവീട്ടിലും, വൈസ് പ്രിന്‍സിപ്പല്‍ റാണി എം. അലക്സും ഈ വിപുലമായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
CONTENT HIGHLIGHTS; Pattam St. Mary’s organized Onam feast for ten thousand children