കഴിഞ്ഞ വര്‍ഷംനടന്ന കേരള സര്‍വ്വകലാശാല യുവജനോത്സവത്തിലെ വിവിധ ഗ്രൂപ്പ് ഇവന്റ്കളില്‍ മത്സര വിജയികളെ പ്രഖ്യാപിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ച 800 ഓളം ഗ്രൂപ്പ് ഇവന്റ് സര്‍ട്ടിഫിക്കറ്റുകളില്‍ വിസി ഒപ്പ് വയ്ക്കണമെന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. യുവജനോത്സവ മത്സരത്തില്‍ പങ്കെടുത്ത തിരുവനന്തപുരം ക്രൈസ്റ്റ് കോളേജില്‍ നിന്നും യുവജനോത്സവ മത്സരത്തില്‍ പങ്കെടുത്ത അശ്വിന്‍ എന്ന വിദ്യാര്‍ത്ഥി നല്‍ കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഉപസമിതി റിപ്പോര്‍ട്ട് 31ന് കൂടുന്ന സിന്‍ഡിക്കേറ്റ് അംഗീകരിപ്പിക്കാനുള്ള ശക്തമായ നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കോടതി തടഞ്ഞത്. 800 ഓളം വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തയ്യാറാക്കിയ പട്ടിക വിസി അംഗീകരിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് SFI പ്രവര്‍ത്തകര്‍ വിസിക്കെതിരെ ഉപരോധം സൃഷ്ടിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനിച്ചാലും കൃത്രിമമായി തയ്യാറാക്കിയ 800 പേരുടെ സര്‍ട്ടിഫിക്കേറ്റുകളില്‍ ഒപ്പിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിസി ഡോ:മോഹന്‍ കുന്നുമ്മേല്‍. അതിനിടെയാണ് കോടതി ഗ്രൂപ്പ് ഇവന്റ് വിജയികളുടെ പട്ടിക സ്റ്റേ ചെയ്തത്.
ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ഗ്രൂപ്പ് ഇവന്റ്കളില്‍ പങ്കെടുപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒന്നിലേറെ ഗ്രൂപ്പുകള്‍ക്ക് നല്‍കി തട്ടിപ്പ് നടത്തുന്നതായ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് വിസി ഗ്രൂപ്പ് മത്സര വിജയികളുടെ സര്‍ട്ടിഫിക്കേറ്റുകള്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് പരാതി പരിശോധിക്കാന്‍ ചുമതലപെടുത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് പട്ടിക അംഗീകരിക്കണമെന്ന റിപ്പോര്‍ട്ട് വിസിക്ക് നല്‍കിയത്.
ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്. 10 മുതല്‍ 12 പേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പ് മത്സര വിജയികള്‍ എല്ലാപേര്‍ക്കും ഓരോ പേപ്പറിനും 6 ശതമാനം മാര്‍ക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും നല്‍കി വിജയികളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. വഞ്ചിപ്പാട്ട്, കോല്‍ക്കളി, ഡഫ്മുട്ട്,ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാര്‍ഗംകളി എന്നിവയില്‍ പങ്കെടുത്ത എഴുപതോളം കോളേജ് ടീമുകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കിയതിലൂടെ 800 ഓളം വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് ഈവന്റില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാക്കിയത്.
എന്നാല്‍ ഒറ്റയ്ക്കുള്ള മത്സരങ്ങളില്‍(സിംഗിള്‍ ഇവന്റ്) തിരിമറി നടന്നതായ ആക്ഷേപമില്ലാത്ത തുകൊണ്ട് വിസി അംഗീകരിച്ചിരുന്നു. യുവജനോത്സവ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പൂര്‍ണ ചുമതല യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്കായത് കൊണ്ട് അവര്‍ നല്‍കുന്ന പട്ടിക അതെപടി അംഗീകരിച്ച് ഗ്രേസ് മാര്‍ക്കുകള്‍ നല്‍കുന്നതായ പരാതി കുറച്ചനാളുകളായു ണ്ട്.എന്നാല്‍ ഗ്രൂപ്പ് ഇവന്റ്കളില്‍ കൂടുതല്‍ പേരെ ഒന്നിച്ച് വിജയികളായി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായാണ്.
CONTENT HIGHLIGHTS; Kerala University Youth Festival grace mark scam: HC blocks implementation of Syndicate Sub-Committee’s recommendation