കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ താൻ നിരപരാധിയെന്ന് മുകേഷ് എം.എൽ.എ കോടതിയിൽ. ബ്ലാക്മെയിൽ ചെയ്യുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും 15 വർഷം മുൻപുള്ള സംഭവത്തിലാണ് ഇപ്പോഴത്തെ പരാതിയെന്നും മുകേഷ് കോടതിയിൽ പറഞ്ഞു.
2009 മാർച്ച് ഏഴിന് പരാതിക്കാരി ഇ- മെയിൽ അയച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് അവർ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്സ്ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി. മുകേഷ് കോടതിയിൽ പറഞ്ഞു. നടി തനിക്ക് അയച്ച വാട്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും മുകേഷ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് മുകേഷിന്റെ വാദം.
മുകേഷിനെ ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ ആരോപണങ്ങൾ സംശയാസ്പദമാണെന്ന് അറിയിച്ച അഭിഭാഷകൻ, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും വ്യക്തമാക്കി.
പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്, ഒളിച്ചോടുന്ന ആള് അല്ല. പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ് മുകേഷ്. അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ല. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ആരോപണം. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനുള്ള ഇലക്ട്രോണിക് മെയില്‍ അടക്കുമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗിക പീഡന കേസിൽ മൂന്ന് വരെ മുകേഷിന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ഇനി രണ്ടാം തീയതി കേസ് പരിഗണിക്കും.