പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ മാറിയാണ് ഈ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുക. വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം, കുരുമുളക്, ഇഞ്ചി, അടയ്ക്ക എന്നിവയുടെ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടതാണ്. മഴക്കാലമായാല്‍ വലിയ അളവില്‍ വെള്ളം താഴേക്ക് പതിക്കുന്ന ഒരു ഇടമാണിത്. ഏറ്റവും മുകളില്‍ നിന്ന് വെള്ളം താഴേക്ക് വരുന്നു എന്ന് അര്‍ത്ഥം വരുന്ന വാക്കാണ് തുഷാരഗിരി. അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് തുഷാരഗിരി എന്ന പേര് ലഭിക്കാന്‍ കാരണം.
ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ ചാലിപ്പുഴ ഇവിടെ മൂന്നായി പിരിയുകയും അത് മൂന്നു വെള്ളച്ചാട്ടങ്ങളായി മാറുകയും ചെയ്യുന്നു. ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒന്നിച്ചുപറയുന്ന പേരാണ് തുഷാരഗിരി. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിവയാണ് ഇവിടുത്തെ മൂന്ന് വെള്ളച്ചാട്ടങ്ങള്‍.പാല്‍ പതഞ്ഞ് ഒഴുകുന്ന പോലെ താഴേക്ക് കുതിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ മനോഹരമായ ഒരു കാഴ്ചയാണ്. തീര്‍ച്ചയായും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ് ഇത്. തുഷാരഗിരി വെള്ളച്ചാട്ടം കണ്ട് ആസ്വദിച്ചതിനുശേഷം നേരെ മുന്‍പോട്ട് നടന്നാല്‍ കാട്ടിലൂടെയുള്ള യാത്രയാണ്.
ഈ യാത്ര ചെന്നെത്തുന്നത് വൈത്തിരിയിലാണ്. ഇവിടെയെത്തുന്ന സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ഈ വഴിയിലൂടെ വയനാട്ടിലേക്ക് ഒരു വലിയ ദൂരം നടക്കാന്‍ സാധിക്കും. ട്രക്കിംഗ് ഇഷ്ടമുള്ളവര്‍ക്കും തുഷാരഗിരി വളരെ നല്ല ഒരു ഓപ്ഷന്‍ ആണ്. തുഷാരഗിരിയിലേക്കും അവിടെനിന്ന് ഉള്‍ക്കാടുകളിലേക്കും പോകുന്ന സാഹസികത നിറഞ്ഞ യാത്ര പല സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള നിത്യഹരിത വനങ്ങളും ശാന്തമായ അരുവികളും അവിടുത്തെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. പ്രകൃതിസ്നേഹികള്‍ക്കും വന്യജീവി പ്രേമികള്‍ക്കും അനുയോജ്യമായ ഒരു സ്ഥലംകൂടിയാണിത്.
500 വര്‍ഷം പഴക്കമുള്ള താന്നി മരമാണ് തുഷാരഗിരിയിലെ മറ്റൊരാകര്‍ഷണം. താന്നിമുത്തശ്ശി എന്നാണിതിനെ ഇവിടുള്ളവര്‍ വിളിക്കുന്നത്. പാസ് എടുത്തുവേണം തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളിലേക്ക് കടക്കുവാന്‍. ഒന്നു കയറിയാല്‍ തിരികെ വരുവാന്‍ തോന്നിപ്പിക്കാത്ത വിധത്തിലുള്ള അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ചെമ്പ്ര കൊടുമുടി, സൂചിപ്പാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, സിസറോണിസ്, കാന്തന്‍പാറ വെള്ളച്ചാട്ടം, കോഴിപ്പാറ വെള്ളച്ചാട്ടം, വയനാട് ടീ മ്യൂസിയം, ഹാര്‍ട്ട് തടാകം, കക്കയം ഡാം എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും പോകാന്‍ എളുപ്പമാണ്.അതുകൊണ്ടുതന്നെ തുഷാരഗിരിയിലേക്കുളള യാത്ര ഒരു കംപ്ലീറ്റ് ടൂര്‍ പാക്കേജ് ആയിരിക്കും.
STORY HIGHLIGHTS: Thusharagiri Waterfalls, Kozhikode