കാസർകോട്: അടുക്കത്ത്ബയൽ ബിലാൽ മസ്ജിദിന് സമീപത്തെ സി.എ.മുഹമ്മദ് ഹാജിയെ (56) കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവ്. കുഡ്‌ലു ഗുഡ്ഡേ ടെമ്പിൾറോഡിലെ സന്തോഷ് നായ്‌ക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ ശിവപ്രസാദ് എന്ന ശിവൻ (41), അയ്യപ്പനഗറിലെ കെ.അജിത്കുമാറെന്ന അജ്ജു (36), അടുക്കത്ത്ബയൽ ഉസ്മാൻ ക്വാർട്ടേഴ്‌സിലെ കെ.ജി.കിഷോർകുമാറെന്ന കിഷോർ (40) എന്നീ പ്രതികള്‍ക്കെതിരെയാണ് കാസർകോട് അഡീഷണൽ ആൻഡ് ജില്ലാ കോടതി രണ്ട് ജഡ്ജി കെ.പ്രിയ വിധി പ്രസ്താവിച്ചത്. നാല് പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.
ഇക്കഴിഞ്ഞ 24നാണ് കോടതി നാലുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും മൂന്നുപേരെ വെറുതെവിടുകയും ചെയ്തത്. എന്നാല്‍, സംഭവസമയം തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് മൂന്നാംപ്രതി അജിത്കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍, മൂന്നാംപ്രതിയുടെ ഈ വാദവും കോടതി ഇന്ന് തള്ളി.
2008 ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച്ച ജുമുഅയ്ക്ക് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിനു സമീപത്തെ സി എ മുഹമ്മദ് ഹാജി(56)യെ ഒരുസംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ കാസര്‍കോട് അഡീഷനല്‍ എസ്പിയാ അന്നത്തെ വെള്ളരിക്കുണ്ട് പോലിസ് ഇന്‍സ്‌പെക്ടര്‍ പി ബാലകൃഷ്ണന്‍ നായരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. സി.കെ. ശ്രീധരനായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. കുറ്റപത്രത്തിൽ പറഞ്ഞിരുന്ന സാമുദായിക സ്പർധ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.
2008 മുതലാണ് കാസർകോട്ട് തുടർച്ചയായ കൊലപാതകങ്ങൾ നടന്നത്. നാലുദിവസത്തിനിടെ നാല് കൊലപാതകങ്ങളാണ് ഉണ്ടായത്. ഈ കൊലപാതകങ്ങളിൽ പ്രതികൾ ആദ്യമായി ശിക്ഷിക്കപ്പെടുന്നത് സി.എ.മുഹമ്മദ് വധക്കേസിലാണ്.
2008 ഏപ്രിൽ 14-നായിരുന്നു നെല്ലിക്കുന്നിലെ സന്ദീപ് കൊല്ലപ്പെടുന്നത്. ഏപ്രിൽ 16-ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാനും ശേഷം കാസർകോട്ടെ പ്രമുഖ അഭിഭാഷകനായ പി. സുഹാസും കൊല്ലപ്പെട്ടു. പിന്നാലെയാണ് സി.എ. മുഹമ്മദ് കൊല്ലപ്പെടുന്നത്.
സന്ദീപ്, സിനാൻ എന്നിവരുടെ കൊലപാതകക്കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നു. സുഹാസ് വധക്കേസ് തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.