ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി.
നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലും ഹൈക്കോടതിയെ സമീപിച്ചത്. ഹർജികൾ ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
നിലവിൽ കേസ് സംസ്ഥാന ലോകായുക്തയാണ് അന്വേഷിക്കുന്നത്. 2017ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് ഡി.കെക്കെതിരെ കേസെടുത്തത്. 2013-2018 വരെയുള്ള കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.
ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബി.ജെ.പി സർക്കാർ പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറി.