ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിലകുറച്ച് കാണരുതെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം വന്നെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നും സ്മൃതി ഇറാനി പറഞ്ഞു.
‘രാഹുൽ ഗാന്ധി ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെന്റിൽ വെള്ള ടീഷർട്ടണിഞ്ഞ് വരുമ്പോഴുമെല്ലാം യുവതക്ക് നൽകുന്ന സന്ദേശമെന്തായിരിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തികളാണ് അദ്ദേഹം നടത്തുന്നത്. അതിനെ നല്ലതെന്നോ ചീത്തയെന്നോ അപക്വമെന്നോ തോന്നിയാലും വിലകുറച്ചു കാണരുത്. അത് മറ്റൊരുതരം രാഷ്ട്രീയമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പ്രാധാന്യം നിലനിർത്താനുള്ള അദ്ദേഹത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണത്’ –സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ സ്മൃതി ഇറാനി വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ രാഹുൽ ഗാന്ധി നടത്തിയ ക്ഷേത്ര സന്ദർശനങ്ങൾ പാർട്ടിക്കു ഗുണം ചെയ്തില്ല. മറിച്ച് അത് വോട്ടർമാരിൽ സംശയമാണുണ്ടാക്കിയത്.
ഇത്തരം പരാജയപ്പെട്ട തന്ത്രങ്ങളിൽ നിന്നു മാറിനിൽക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് അദ്ദേഹം വിജയിച്ചു തുടങ്ങിയതെന്നും സ്മൃതി ഇറാനി പറഞ്ഞു.