തട്ടുകടകളിലെ ആഹാരം ഇഷ്ടപ്പെടാത്തവരായി വളരെ ചുരുക്കം ആളുകള്‍ മാത്രമേ കാണൂ. കുറഞ്ഞ ചിലവില്‍ നല്ല രുചികരമായി ഒരുപാട് വെയിറ്റ് ചെയ്യാതെ കിട്ടുന്ന ഫുഡ് തന്നെയാണ് ഇവിടുത്തെ പ്രത്യേകത. വഴിയോര കടകളിലും തട്ടുകടകളിലും കേട്ടറിഞ്ഞു പോയി ആഹാരം കഴിക്കുന്നവര്‍ വരെയുണ്ട് നമ്മുടെ ചുറ്റും. ഇപ്പോള്‍ ഇതാ തിരുവനന്തപുരത്ത് എത്തിയാല്‍ നിങ്ങള്‍ക്ക് ഉറപ്പായിട്ടും രുചിക്കാന്‍ പറ്റുന്ന 5 ഫേമസ് തട്ടുകടകളാണ് ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്. @ജിതിന്‍ കൃഷ്ണന്‍ [@jithin krishnan]എന്ന യൂട്യൂബര്‍ ആണ് ഈ തട്ടുകടകള്‍ പരിചയപ്പെടുത്തുന്നത്.
നാല് രൂപയ്ക്ക് പൊറോട്ടയും 20 രൂപയ്ക്ക് ബീഫും
എല്ലാ ദിവസവും രാവിലെ നാലര മുതല്‍ ഉച്ചയ്ക്ക് 11:00 മണി വരെ പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞു കടയാണ് ഇത്. ഇവിടെ നാല് രൂപയ്ക്ക് പൊറോട്ടയും രണ്ടു രൂപയ്ക്ക് ദോശയും കിട്ടും. ഇവിടുത്തെ സ്‌പെഷ്യല്‍ രാവിലെ 7 മണി മുതല്‍ കിട്ടുന്ന ബീഫ് ആണ്. അതും വെറും 20 രൂപയ്ക്ക്. തിരുവനന്തപുരത്ത് പാറശ്ശാലയില്‍ നിന്ന് കളിയിക്കാവിളയില്‍ പോകുമ്പോള്‍ കാരാളി ജംഗ്ഷനില്‍ ഉള്ള ശ്രീ മഹാദേവന്‍ തട്ടുകടയാണ് ഇത്.
വാരിയെല്ല് ബിരിയാണിയും കുരുമുളകിട്ട് വരട്ടിയ മട്ടന്‍ ലിവറും
ഇവിടുത്തെ പോത്ത് വാരിയെല്ല് കറിക്ക് ഭയങ്കര ഡിമാന്‍ഡ് ആണ്. ഉച്ച സമയത്ത് 160 രൂപയ്ക്ക് വാരിയെല്ല് ബിരിയാണിയും ഇവിടെ നിന്നും ലഭിക്കും. നാലുവര്‍ഷമായി നിയാസ് ഈ കട തുടങ്ങിയിട്ട്. ചിക്കന്‍ ഫ്രൈയും കരിമീന്‍ ഫ്രൈയും ഉള്‍പ്പെടെ ഒരുപാട് ഐറ്റംസ് ഇവിടെയുണ്ട്. 5 പീസ് അടങ്ങുന്ന ഒരു ചിക്കന്‍ ഫ്രൈയുടെ വില 100 രൂപയാണ്. ചില ദിവസങ്ങളില്‍ ഇവിടെ പുഴ മീനും കിട്ടാറുണ്ട്. എല്ലാ ദിവസവും കിട്ടാറില്ല, അതുകൊണ്ട് വിളിച്ചു ചോദിച്ചിട്ട് മാത്രം കരിമീന്‍ കഴിക്കാന്‍ വേണ്ടി പോകുക. ഒരു പീസ് കരിമീന്‍ ഫ്രൈക്ക് വില വരുന്നത് 80 രൂപയാണ്. ഇവിടുത്തെ കുരുമുളകിട്ട് വരട്ടി എടുത്ത മട്ടന്‍ ലിവറും വളരെ രുചികരമാണ്. തിരുവനന്തപുരത്ത് കണിയാപുരം റെയില്‍വേ ക്രൂസ് കഴിഞ്ഞ് 100 മീറ്റര്‍ മാറി വലതു സൈഡില്‍ ആണ് ഈ തട്ടുകട. ബിലാല്‍ തട്ടുകട എന്നാണ് ഈ കടയുടെ പേര്.
ക്രിസ്പി ചിക്കന്‍ പക്കോട
വെളിച്ചെണ്ണ ഉപയോഗിച്ച് ചിക്കന്‍ പക്കോട ഉണ്ടാക്കുന്ന ഒരു സ്‌പോട്ട് ആണിത്. അനില്‍ ചേട്ടനും ബിന്ദു ചേച്ചിയും കൂടെ നടത്തുന്ന ഒരു കുഞ്ഞു വഴിയോര കടയാണിത്. കാശ്മീരി ചില്ലിയാണ് ഇവിടെ പക്കോടക്ക് കളര്‍ കിട്ടാനായിട്ട് ഉപയോഗിക്കുന്നത്. സിന്തറ്റിക് കളറുകളൊന്നും പക്കോട ഉണ്ടാക്കാന്‍ ഉപയോഗിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്. നല്ല ക്രിസ്പി ആയിട്ടുള്ള പക്കോടയാണ് ഇവിടെ ലഭിക്കുന്നത്. നല്ല ചൂടോടെ കഴിച്ചാല്‍ രുചി കൂടും. തിരുവനന്തപുരത്തെ മഞ്ചൂര്‍ കോടതിയുടെ മെയിന്‍ എന്‍ട്രന്‍സിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ഈ കടയുടെ ലൊക്കേഷന്‍ വരുന്നത്.
തലേദിവസത്തെ ബീഫാണ് ഇവിടുത്തെ മെയിന്‍
തലേദിവസത്തെ ബീഫിന് ഫേമസ് ആയ ഒരു കടയാണിത്. 40 വര്‍ഷമായി ഈ കട ഇവിടെ ആരംഭിച്ചിട്ട്. ശ്രീതേട്ടന്‍ ആണ് ഇപ്പോള്‍ ഈ കട നടത്തുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്താണ് തലേദിവസത്തെ ബീഫ് എന്ന കോണ്‍സെപ്റ്റ് ആദ്യമായിട്ട് ഇവിടെ കൊണ്ടുവരുന്നത്. തലേദിവസം ഉണ്ടാക്കിവെയ്ക്കുന്ന ബീഫ് പിറ്റേദിവസം ചട്ടിയില്‍ ഇട്ട് വരട്ടി എടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ടേസ്റ്റ്, അതുതന്നെയാണ് ഈ കടയെ ഇത്രയും ഫേമസ് ആക്കിയത്. കുറേനേരം ചട്ടിയിലിട്ട് വരട്ടിയെടുക്കുന്നത് കൊണ്ട് തന്നെ കുറച്ച് ഹാര്‍ഡ് ആണ് ഇവിടുത്തെ ബീഫ്. പക്ഷേ ടേസ്റ്റിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസും ഇല്ല. ഒരു പ്ലേറ്റ് ബീഫിന് 100 രൂപയാണ് വില വരുന്നത്. ഇവിടെ ഹാഫ് പ്ലേറ്റ് ബീഫും കിട്ടാറുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് 8 മണി വരെയാണ് ഈ കടയുടെ ടൈമിംഗ് വരുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ ഈ കടയുള്ളൂ. ഈ കടയ്ക്ക് പ്രത്യേകിച്ച് പേരൊന്നുമില്ല. കുലശേഖരത്തുളള ശ്രീത്തേട്ടന്റെ കട.
ഇവിടുത്തെ ഓംലെറ്റ് ഒരു മസ്റ്റ് ട്രൈ ആണ്
ഓംലെറ്റിന് പേര് കേട്ട ഒരു തട്ടുകടയാണ് നമ്മള്‍ അടുത്തതായി പരിചയപ്പെടാന്‍ പോകുന്നത്. 40 വര്‍ഷമായി ഈ തട്ടുകട ഇവിടെയുണ്ട്. കോഴിമുട്ടയുടെയും താറാമുട്ടയുടെയും ഓംലെറ്റുകള്‍ ഇവിടെ നിന്നും ലഭിക്കും. ആവശ്യത്തിനുള്ള സവാളയും ഉപ്പും മാത്രമേ ഇവര്‍ ചേര്‍ക്കാറുള്ളൂ. പിന്നീട് മുളകുപൊടിയും മല്ലിപ്പൊടിയും കായപ്പൊടിയും ഒക്കെ പൊടിച്ച് ഇവരുടെ ഒരു കൂട്ട് ഓംലെറ്റിന്റെ മുകളില്‍ ചേര്‍ത്തു നല്‍കും. ഈ ഒരു കൂട്ടിന്റെ രുചിയാണ് ഈ കടയെ ഇത്രയും ഫേമസ് ആക്കിയത്. ഒരു ഡബിള്‍ താറാമുട്ടയുടെ ഓംലെറ്റിന് 50 രൂപയും കോഴിമുട്ടയുടെ ഓംലെറ്റിന് 40 രൂപയും ആണ് വില വരുന്നത്. ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും വൈകിട്ട് അഞ്ചര മണി മുതല്‍ രാത്രി 10:30 വരെ ഈ കട. കിളളിപ്പാലം സിഗ്‌നലിന്റെ അടുത്ത ചാല ബോയ്‌സിന് ഓപ്പോസിറ്റ് ആയിട്ടാണ് കുമാരേട്ടന്‍ ഈ കട.
STORY HIGHLIGHTS: Famous Thattukada in Thiruvananthapuram