ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസിലെ 2 രാജ്യസഭാ എംപിമാർ ടിഡിപിയിലേക്ക്. ബീധ മസ്താൻ റാവു ജാദവും വെങ്കടരമണ റാവു മോപ്പിദേവിയുമാണു രാഷ്ട്രീയ ചുവടുമാറ്റത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇരുവരും എംപി സ്ഥാനത്തു നിന്ന് രാജിവച്ചു.
കെ.കിരൺകുമാർ റെഡ്ഡി, വൈ.എസ്.രാജശേഖരറെഡ്ഡി സർക്കാരുകളിൽ മന്ത്രിയും രണ്ട് തവണ എംഎൽഎയും ആയിരുന്ന ആളാണ് മോപിദേവി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു ഇദ്ദേഹം ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തിയിരുന്നു.
മുമ്പ് ടിഡിപിക്കൊപ്പമായിരുന്ന ബീത മസ്താൻ റാവു 2009 മുതൽ 2014 വരെ കാവാലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2019ലാണ് വൈഎസ്ആർസിപിയിൽ ചേർന്നത്. ഇരുവരുടെയും രാജി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ സ്വീകരിച്ചു.
വെങ്കട്ടരമണയ്ക്ക് 2026 ജൂൺവരെയും മസ്താൻ റാവുവിന് 2028 ജൂൺവരെയും കാലാവധിയുണ്ടായിരുന്നു.
ഇരുവരും രാജിവച്ചതോടെ രാജ്യസഭയിൽ വൈഎസ്ആർ കോൺഗ്രസിന്റെ അംഗബലം ഒമ്പതിലേക്ക് ചുരുങ്ങി.രാജി സ്വീകരിച്ചതായി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറുടെ ഓഫിസ് അറിയിച്ചു.