ബാഗ്നാഥിൽ നിന്ന് ബൈജ് നാഥിലേക്ക് യാത്ര ചെയ്യുമ്പോൾ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. ബാഗേശ്വർ ജില്ലയിലെ ചെറിയൊരു പട്ടണമാണ് ബൈജ് നാഥ്. കത്യൂർ രാജ വംശത്തിൻ്റെ ആസ്ഥാന മായ പഴയ കാർത്തികേയപുരമാണ് ഇപ്പോഴത്തെ ബൈജ്നാഥ് എന്ന പേരിൽ അറിയപ്പെടുന്നത് . ഇവിടെ പരമശിവൻ സാക്ഷാൽ വൈദ്യനാഥനാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒൻപതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രങ്ങളുടെ നിർമ്മാണം നടക്കുന്നത്. ചെറുതും വലുതുമായ 18 ക്ഷേത്രങ്ങ ളുടെ സമുച്ഛയമാണ് ബൈജ്നാഥ്.
ഗോമതി നദിയുടെ തീരത്ത് കൂടി , ക്ഷേത്ര സമുച്ഛയത്തിലേക്ക് നടക്കുമ്പോൾ, നിരവധി കാഴ്ചകളാണ് വിനോദസഞ്ചാരികളുടെ മിഴികളിലേക്ക് നിറയുന്നത്.
ക്ഷേത്രത്തിൽ നിന്നു നദിയിലേക്കിറങ്ങുന്ന ഭാഗത്ത്, പടവുകൾ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. നദിയിലെ ഐസ് പോലെ തണുത്ത ജലത്തിൽ കൈകാലുകൾ കഴുകുന്നത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട വിനോദമാണ്. അതിനുശേഷം ആണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുക. വൈദ്യനാഥൻ്റ വലിയ ശ്രീകോവിലിനടുത്തായുള്ള, നൃത്ത ഗണപതിയെ വണങ്ങി വേണം യാത്ര തുടരാൻ, തുടർന്ന് പാർവ്വതി, കാർത്തികേയൻ, നരസിംഹം, ബ്രാഹ്മ്ണി , മഹിഷാസുരമർദ്ദിനി, സൂര്യൻ, ഗരുഢൻ ,കുബേരൻ, സപ്തനർത്തകിമാർ, തുടങ്ങിയ പ്രതിഷ്ഠകളും കാണാൻ സാധിക്കും. അതിമനോഹരമായ ശ്രീകോവിലുകളാണുള്ളത്. കുറച്ച് മാറി പ്രത്യേക കോം പൗണ്ടിൽ കാലഭൈരവൻ്റെ ക്ഷേത്രമുണ്ട് അതും വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട കാഴ്ചയായിരിക്കും.
ക്ഷേത്രസമുച്ഛയം ആർക്കിയോളജി വകുപ്പിൻ്റെ നിയന്ത്രണത്തിലാണ് നിലവിൽ. സംരക്ഷിത സ്മാരകമായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും പൂജകൾ ഉള്ളതായി മനസ്സിലാക്കാൻ സാധിക്കുന്നില്ല.മറ്റൊരു മനോഹരമായ കാഴ്ച ഗോമതി നദിയും ഗരൂർ ഗംഗയും സംഗമിക്കുന്ന ഭാഗത്ത് ഒരു തടാകം പോലെ രൂപപ്പെട്ടിട്ടുണ്ട് എന്നതാണ്. കണ്ണിനു മനോഹാരിത നൽകുന്ന കാഴ്ചയാണ് എങ്കിലും ഇത് പ്രദേശവാസികൾ ആശങ്കയോടെയാണ് കാണുന്നത്. വെള്ളപ്പൊക്ക ത്തിൽ ക്ഷേത്രത്തിനും പ്രദേശത്തിനും നാശനഷ്ടങ്ങൾ നേരിടുമെന്നാണ് അവർ ഭയക്കുന്നത്. കരിങ്കല്ലിൽ അസാമാന്യ ശില്പചാരുതയോടെ നിർമ്മിച്ച ബൈജ്നാഥ് ക്ഷേത്രത്തിൻ്റെ നിർമ്മിതി ഏതൊരു വിനോദസഞ്ചാരിയുടെയും മനസ്സിൽ മായാത്ത ഒരു അനുഭവം തന്നെ സൃഷ്ടിക്കും.
Story Highlights ; Baijnath temple