ദിസ്പൂര്‍: അസമിൽ മുസ്ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ അസം നിയമസഭ പാസ്സാക്കി. അസം റിപ്പീലിംഗ് ബിൽ, 2024, വഴി അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം, 1935, അസം റിപ്പീലിംഗ് ഓർഡിനൻസ് 2024 എന്നിവയാണ് റദ്ദാക്കപ്പെട്ടത്.
ബാലവിവാഹങ്ങൾ അവസാനിപ്പിക്കുന്നതിനും മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും സർക്കാർ സംവിധാനങ്ങളുടെ പരിധിയിലായിരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിശദീകരണം. എന്നാൽ ഏകീകൃത സിവിൽ കോഡ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.
മതപുരോഹിതന്മാർ മുസ്ലിം വിവാഹം രജിസ്റ്റർ ചെയ്യുന്ന ഖാസി സമ്പ്രദായം ഇല്ലാതാക്കുക കൂടിയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇതിന് പകരം സർക്കാർ സംവിധാനങ്ങളുടെ കീഴിൽ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.