കൊല്ലം: സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി കെ പ്രകാശിനെതിരെ 354 (1) A വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലൈംഗിക അതിക്രമ കുറ്റമാണ് വി കെ പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്.
സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി. 2022 ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിപ്പെടാതിരിക്കാനായി അക്കൗണ്ടിലേക്ക് പണം അയച്ചെന്നും യുവതിയുടെ വെളിപ്പെടുത്തൽ. സിനിമാ മേഖലയില്‍ നേരിട്ട അതിക്രമങ്ങള്‍ സ്ത്രീകള്‍ ഓരോന്നായി വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വി.കെ പ്രകാശിനുമെതിരെ ആരോപണം ഉയരുന്നത്.
പരാതിയിൽ സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. യുവ തിരക്കഥാകൃത്ത് വെളിപ്പെടുത്തലില്‍ കേസെടുക്കുത്തിന് മുമ്പേ തന്നെയാണ് വി കെ പ്രകാശ് കോടതിയെ സമീപിച്ചത്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.