കടുത്ത തണുപ്പുകാലത്ത് പോലും ചൂടുവെള്ളമൊഴുകുന്ന നീരുറവകളും ആകാശത്തെ ധ്യാനിച്ച് നില്‍ക്കുന്ന മഞ്ഞുതൊപ്പിയിട്ട പര്‍വതനിരകളും എവിടെ നോക്കിയാലും ഇടതൂര്‍ന്ന പൈൻ, ദേവദാരു മരങ്ങളുമെല്ലാമായി സ്വപ്നസമാനമായ ഭൂമികയാണ് ഹിമാചലിലെ കുളു. ഹിമാചല്‍ യാത്ര ചെയ്യുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ട കാഴ്ചകള്‍ക്ക് പുറമേ മറ്റു നിരവധി പ്രത്യേകതകളും കുളുവിലുണ്ട്. അത്തരത്തില്‍ അവിശ്വസനീയമായ കാഴ്ചകളും അപൂര്‍വതകളും നിറഞ്ഞു കുളു ഗ്രാമമാണ് പിനി. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കുളു ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പിനി. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇത് കുളു ബ്ലോക്കിലെ 54 ഗ്രാമങ്ങളിൽ ഒന്നാണ്. സർക്കാർ റജിസ്റ്റർ പ്രകാരം പിനി വില്ലേജിൽ 507 കുടുംബങ്ങളാണ് ഉള്ളത്.
വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ് പിനി ഗ്രാമം. മണികരണിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. കുളു ജില്ലയിലുള്ള പിനി ഗ്രാമത്തില്‍, എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമുണ്ട്. ഗ്രാമീണ വിശ്വാസമനുസരിച്ച് ‘ചവാന്‍’ എന്ന മാസമാണിത്. ഇതിന്‍റെ ഭാഗമായി വിവാഹിതകളായ സ്ത്രീകള്‍ നഗ്നരായി കഴിയണം എന്നാണ് ചട്ടം. വസ്ത്രത്തിന് പകരമായി നേര്‍ത്ത പട്ടുതുണി പുതയ്ക്കാം. കൂടാതെ ഭര്‍ത്താവും ഭാര്യയും പരസ്പരം മിണ്ടാനോ പരസ്പരം ചിരിക്കാനോ പാടില്ല. ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആരും മദ്യപിക്കാനോ മത്സ്യമാംസാദികൾ കഴിക്കാനോ പാടില്ല. വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ഐശ്വര്യത്തിനു വേണ്ടിയാണ് ഈ ആചാരം. ഐതിഹ്യമനുസരിച്ച്, പണ്ടുകാലത്ത് പിനി ഗ്രാമത്തില്‍ അസുരന്മാരെക്കൊണ്ടുള്ള ശല്യം വളരെ രൂക്ഷമായിരുന്നു എന്നു പറയപ്പെടുന്നു. അവര്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു.
അപ്പോള്‍ ലഹുവാ ഘണ്ഡ് എന്നു പേരായ ദേവത പിനി ഗ്രാമത്തില്‍ എത്തുകയും അസുരന്മാരെ കൊന്ന് ഗ്രാമത്തെ രക്ഷിക്കുകയും ചെയ്തു. ദേവിയുടെ വിജയമാണ് അവര്‍ ഉത്സവമായി ആഘോഷിക്കുന്നത്. ഈ സമയത്ത് ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സുന്ദരികളായി ഇരുന്നാല്‍ അവരെ അസുരന്മാര്‍ പിടികൂടും എന്നാണ് വിശ്വാസം. അതിനാലാണ് അവര്‍ നഗ്നരായി കഴിയുന്നത്. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് പിനി യാത്രക്ക് ഏറ്റവും മികച്ചത്. അധികം ചൂടോ തണുപ്പോ ഒന്നുമില്ലാതെ, മികച്ച കാലാവസ്ഥയാണ് ഈ സമയത്ത്.നിയോൾ, ബജൗറ, തൊപ്പി, ഷില്ലിഹാർ, കഷാവ്രി, മലാന, മണികരൺ, സോസൻ, ജാരി, ബ്രാധ, ഷട്ട് എന്നിങ്ങനെ ഒട്ടനേകം മനോഹരമായ ഗ്രാമങ്ങള്‍ പിനി ഗ്രാമതിനടുത്തുണ്ട്. ഇവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.
STORY HIGHLLIGHTS : in-this-himachal-pradesh-village-women-do-not-wear-clothes-for-5-days