തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷ് മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു.
സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.
ധാർമികതയുടെ പേരിൽ മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.
മുകേഷിന്റെ രാജിയിൽ ബിനോയ് വിശ്വം മൃദുവായ നിലപാടാണ് നേരത്തെ എടുത്തിരുന്നത്. എൽഡിഎഫ് സർക്കാർ പോകുന്നത് ശരിയായ പക്ഷത്താണെന്നും സർക്കാറിന്റേത് സ്ത്രീപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാർട്ടി യോഗത്തിലെ ഭൂരിപക്ഷ തീരുമാനം മുകേഷിനെതിരായതോടെ ബിനോയ് വിശ്വവും നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.
അതേസമയം ലൈംഗിക പീഡന പരാതിയിൽ മുകേഷിനോട് എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. പാർട്ടി അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.