തെളിഞ്ഞ നീലാകാശവും മഞ്ഞു മൂടിയ പര്‍വതത്തലപ്പുകളും മനോഹരമായ ഭൂപ്രകൃതിയുമെല്ലാം ചേര്‍ന്ന്, സ്വര്‍ഗീയ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഭൂമിയാണ് ലഡാക്ക്. വര്‍ഷത്തില്‍ എല്ലാ സീസണിലും പോകാന്‍ കഴിയില്ലെങ്കിലും, അതിര്‍ത്തികള്‍ തുറക്കുന്ന സമയത്ത് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളുടെ കനത്ത പ്രവാഹമാണ് ഇവിടേക്ക്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, ശാന്തമായി ചെന്നിരിക്കാന്‍ പറ്റിയ ഒരുപാടിടങ്ങള്‍ ലഡാക്കിലുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് നിമ്മു ഹൗസ്. സമുദ്രനിരപ്പില്‍ നിന്നും 3,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഇക്കോ റിസോര്‍ട്ട്, തലസ്ഥാന നഗരമായ ലേയിൽ നിന്ന് 45 മിനിറ്റ് മാത്രം ദൂരെയാണ്. പാരമ്പര്യവും ആധുനികതയും ആഡംബരവും സമ്മേളിക്കുന്ന സുന്ദരമായ അനുഭവമാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 113 വര്‍ഷം മുന്‍പ്, ലഡാക്കിലെ ഒരു രാജാവിന്റെ ബന്ധു നിർമിച്ചതാണ് നിമ്മു ഹൗസ്.
2012- ല്‍ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും ശേഷം, ഈ കെട്ടിടം ഒരു ഹെറിറ്റേജ് ഇക്കോ റിസോർട്ടാക്കി മാറ്റിയെടുക്കുകയായിരുന്നു. ഇവിടെ മുറികളില്‍ മാത്രമല്ല, എക്‌സ്‌ക്ലൂസീവ് ഡീലക്‌സ് ടെന്റുകളിലും സന്ദര്‍ശകര്‍ക്ക് താമസിക്കാം. അഞ്ചു മുറികളും ഏഴോളം ഡീലക്സ് ടെന്റുകളുമാണ് ഇവിടെയുള്ളത്. ആധുനിക സൗകര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, റിസോര്‍ട്ടിന്‍റെ ഓരോ മുക്കും മൂലയും, ലഡാക്കി പാരമ്പര്യങ്ങൾക്കും സംസ്‌കാരത്തിനും അനുസൃതമായ രീതിയില്‍ അലങ്കരിച്ചിരിക്കുന്നതു കാണാം. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റുമുപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ് നിമ്മു ഹൗസിലെ താമസം അവിസ്മരണീയമാക്കുന്ന മറ്റൊരു സവിശേഷത. തോട്ടത്തിൽ നിന്ന് അപ്പപ്പോള്‍ പറിച്ചെടുത്ത പഴങ്ങൾ, ബട്ടറും ജാമും ചേർത്ത് വിളമ്പുന്ന ലഡാക്കി ബ്രെഡ്, മുട്ട, പാൻകേക്ക് തുടങ്ങി, ശുദ്ധവും സ്വാദിഷ്ടവുമായ രുചികളാണ് ഇവിടെ വിളമ്പുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ലഡാക്കി (മോമോസ്, ചൗമെയിൻ, തുക്പ, മുതലായവ), ഇന്ത്യൻ, ഏഷ്യൻ, മെഡിറ്ററേനിയൻ, ഫ്രഞ്ച് സ്പെഷ്യാലിറ്റികൾ (വെജിറ്റേറിയൻ അടക്കം) എന്നിങ്ങനെ വ്യത്യസ്ത തരം മെനുവുമുണ്ട്.
ധാരാളം കന്നുകാലികളെ വളര്‍ത്തുന്ന പ്രദേശമായതിനാല്‍ പാലുല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുകയാണ് ചെയ്യുന്നത്. റിസോര്‍ട്ടിലേക്ക് വേണ്ട പച്ചക്കറികളും പഴങ്ങളുമെല്ലാം ഇങ്ങനെ ഇവരില്‍ നിന്നും വാങ്ങുന്നു. അങ്ങനെ, ഒരു ടൂറിസ്റ്റ് റിസോര്‍ട്ട് എന്നതിലുപരി പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഒരു താങ്ങാകാനും നിമ്മു ഹൗസിന് സാധിക്കുന്നു. പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്തായതിനാല്‍ നിമ്മു ഹൗസില്‍ നിന്നും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി ധാരാളം പ്രാദേശിക ഗൈഡുകളും ഇവിടെയുണ്ട്. നിമ്മു ഹൗസില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയ കുഗ്രാമങ്ങൾ മുതൽ ആശ്രമങ്ങള്‍ വരെ കണ്ടു തിരിച്ചുപോരാം. ട്രെക്കിംഗിനു പറ്റിയ സ്ഥലങ്ങളും ഇവിടെ ധാരാളമുണ്ട്. ഇനി എങ്ങോട്ടും പോകാതെ, റിസോര്‍ട്ടിനുള്ളില്‍ത്തന്നെ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ബോറടിക്കാതിരിക്കാനുള്ള കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇൻ-ഹൗസ് യോഗ സെഷനുകളും സ്വാദിഷ്ടമായ ഹിമാലയൻ പലഹാരങ്ങളായ മോമോസ്, ആപ്രിക്കോട്ട് പീസ് മുതലായവ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന പാചക ക്ലാസുകളും ഇവിടെ ഉണ്ട്.
STORY HIGHLLIGHTS :Nimmu House in Ladakh