ജറുസലം: പോളിയോ വാക്സിനേഷനുവേണ്ടി ഗാസയിലെ മൂന്നു മേഖലകളിൽ മൂന്നു ദിവസം വീതം പകൽ പരിമിത വെടിനിർത്തലിന് ഇസ്രയേൽ സൈന്യം സമ്മതിച്ചു. ഞായറാഴ്ച മുതൽ ഗാസയിലെ 6,40,000 കുട്ടികൾക്കു വാക്സീൻ നൽകാനാണു ലോകാരോഗ്യ സംഘടനയുടെ പദ്ധതി. ഇതിനായി അടിയന്തര വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു.
ആദ്യം മധ്യ ഗാസ, തുടർന്നു തെക്കൻ ഗാസയിലും വടക്കൻ ഗാസയിലും മൂന്നു ദിവസം വീതം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണു വെടിനിർത്തൽ. ഗാസയിൽ ഒരു വയസ്സുള്ള കുഞ്ഞിനു പോളിയോ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര വാക്സിനേഷന് ഡബ്ല്യുഎച്ച്ഒ രംഗത്തിറങ്ങിയത്.
ജെനിൻ, നബ്ലൂസ്, തുബാസ് നഗരങ്ങളിൽ സൈനിക നടപടി ഇന്നലെയും തുടർന്നു. ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. വെസ്റ്റ് ബാങ്ക് ആക്രമണത്തെ യു.എൻ മനുഷ്യാവകാശ ഓഫീസ് അപലപിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്ന് യൂറോപ്യൻ യൂനിയൻ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു. പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ഇസ്രായേൽ മന്ത്രിമാർക്കെതിരെ നടപടി വേണമെന്നും ബോറൽ ആവശ്യപ്പെട്ടു.
അതേസമയം, ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽകരിം, ജെനിൻ നഗരങ്ങളിൽ 18 പലസ്തീൻകാരും കൊല്ലപ്പെട്ടു. നൂർ ഷംസ് അഭയാർഥി ക്യാംപിലെ ആക്രമണത്തിൽ പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‍ലാമിക് ജിഹാദിന്റെ കമാൻഡർ മുഹമ്മദ് ജബീർ (അബു ഷുജാ) കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 40,602 പലസ്തീൻകാർ കൊല്ലപ്പെട്ടു.