കൊൽക്കത്ത: വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു. ബംഗാളിലെ ക്രമസമാധാനനില തകർന്നന്ന് കാട്ടി ഗവർണർ സി.വി ആനന്ദ ബോസ് ഇന്ന് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ടേക്കും. അതേസമയം ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ നൽകുന്ന നിയമനിർമാണത്തിന് പ്രത്യേക നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരും.
യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ ബംഗാളിലെ ബി.ജെ.പി-ടി.എം.സി രാഷ്ട്രീയപ്പോരും ശക്തമാവുകയാണ്. ഡോക്ടറുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യമായി ബി.ജെ.പിയുടെ ധർണ തുടരുകയാണ്. കഴിഞ്ഞ ദിവസം ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും നേതാക്കളുടെ വാഹനത്തിനു നേരെ വെടിയുതിർക്കുന്ന സംഭവവും ഉണ്ടായി. ഇവ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ് ഗവർണറുടെ നീക്കം.
ബംഗാളിന്റെ ക്രമസമാധാന നില തകർന്നെന്ന് കാട്ടി മുമ്പ് ഗവർണർ ആനന്ദബോസ് അമിത് ഷാക്ക് റിപ്പോർട്ട് നൽകിയിരുന്നു. രാഷ്ട്രപതിയേയും കണ്ടിരുന്നു. അതേസമയം ബംഗാളിനെ അപകീർത്തിപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് ടി.എം.സിയുടെ ആരോപണം. ബലാത്സംഗത്തിന് വധശിക്ഷ നൽകുന്ന നിയമനിർമാണത്തിന് പ്രത്യേക നിയമസഭാ സമ്മേളനം മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും മമതാ ബാനർജി പ്രഖ്യാപിച്ചിട്ടുണ്ട്.