ഉപഗ്രഹഭൂപടം വീക്ഷിക്കുന്നവർ പലപ്പോഴും കൗതുകപൂർവ്വം ശ്രദ്ധിക്കുന്നതാണ് വേമ്പനാട്ടുകായലിനോട് ചേർന്ന് ത്രികോണാകൃതിയായും ചതുർഭുജങ്ങളായും ചേർന്നുകിടക്കുന്ന ഭൂപ്രദേശങ്ങൾ. മനുഷ്യനിർമ്മിതമായതിനാൽ കൃത്യമായ ജ്യാമിതീയരൂപങ്ങളിൽ അടുക്കടുക്കായി കിടക്കുന്ന ഈ കരഭൂമി എന്തെന്നറിയാൻ ചിലരെങ്കിലും zoom ചെയ്ത് നോക്കിയിട്ടുമുണ്ടാകും.
കോട്ടയം, ആലപ്പുഴ ജില്ലകൾ അതിരുകളായി വേമ്പനാട്ടു കായലിൻ്റെ തെക്കുഭാഗമായ കുട്ടനാട്ടിൽ കായൽ നികത്തി കൃഷി ചെയ്യുന്ന പാടശേഖരങ്ങളെയാണ് ഇങ്ങനെ കാണുന്നത്. നെല്ലും തെങ്ങും വിളയുന്ന ഈ കൃഷിയിടങ്ങളെയാണ് കായൽനിലങ്ങൾ എന്നുപറയുന്നത്.
പുരാതനകാലത്ത് ഈ പ്രദേശങ്ങളൊക്കെയും തുറന്നുകിടക്കുന്ന ആഴമേറിയ കായൽ തന്നെയായിരുന്നു. മീനച്ചിലാർ, കൊടൂരാർ, മണിമലയാർ, പമ്പ എന്നീ നദികൾ കാലാകാലങ്ങളായി നിക്ഷേപിച്ച എക്കൽ മണ്ണ് കൊണ്ട് ആഴം കുറഞ്ഞതോടെ കിഴക്കുനിന്ന് യഥാക്രമം ബണ്ടു പിടിച്ച് വെള്ളം തേകി നെൽകൃഷി ചെയ്തു തുടങ്ങുകയും കായൽ പിൻവലിഞ്ഞു മാറുകയും ചെയ്തു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി രാജാക്കന്മാരാണ് മറ്റത്തോടു ചേർന്ന് മറ്റു മൂന്നു ഭാഗങ്ങളും ബണ്ട് പിടിച്ച് ചക്രമുപയോഗിച്ച് വെള്ളം തേകി മാറ്റി കൃഷിയാരംഭിച്ചത്. ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള വ്യാപാരബന്ധം ഈ നാട്ടുരാജ്യങ്ങളിൽ ശക്തമായിരുന്നതിനാൽ ഡച്ചു സ്വാധീനം ഈ സാങ്കേതികവിദ്യ സ്വീകരിച്ചതിന് കാരണമായിട്ടുണ്ടാവും എന്നു കരുതേണ്ടിയിരിക്കുന്നു. എക്കൽ നിക്ഷേപിക്കപ്പെട്ട് കായൽ ഇറങ്ങിയ പ്രദേശങ്ങൾ കൃഷിനിലങ്ങളായി മാറാനിടയായത് അങ്ങനെയാണ്. അപ്പർ കുട്ടനാട്ടിലെ ഒട്ടുമിക്ക കൃഷിനിലങ്ങളും ലോവർ കുട്ടനാട്ടിൽ വെളിയനാട്, കുമരങ്കരി, മങ്കൊമ്പ്, ചതുർത്ഥ്യാകരി,കൈനകരി, പുളിങ്കുന്ന്, കാവാലം, ചെറുകര, കൈനടി തുടങ്ങിയ പ്രദേശങ്ങളും ഇത്തരത്തിൽ പതിനെട്ടാം നൂറ്റാണ്ടിനു മുമ്പുതന്നെ രൂപപ്പെട്ടതാണ്.
പിന്നീടാണ് കായലിൽ തന്നെ നാലു വശങ്ങളിലും മൺബണ്ടുകൾ കെട്ടി ജലത്തെ ഒഴിവാക്കിയുള്ള കൃഷി ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ കൈനടി സ്വദേശിയായ പള്ളിത്താനം മത്തായി ലൂക്കാ എന്ന കൃഷീവലനാണ് ഈ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അദ്ദേഹത്തിൻ്റെ മകനായ പള്ളിത്താനം ലൂക്കാ മത്തായിയും മറ്റു ചില കർഷകരും ചേർന്ന് വലിയ തോതിൽ കായൽ കുത്തിയെടുത്തു. കാവാലത്തെ ചാലയിൽ രാമകൃഷ്ണപ്പണിക്കരും ചാലയിൽ ഇരവി കേശവപ്പണിക്കരും ചേർന്ന് ഏതാനും കായൽനിലങ്ങൾ കുത്തിയെടുത്തു. കോട്ടയംകാരനായ അക്കരെ സി.ജെ.കുര്യനും മറ്റു പലരും ഏറ്റവുമൊടുവിൽ മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ് എന്ന മുരിക്കനും കായൽ നിലങ്ങളൊരുക്കി നെൽകൃഷി ചെയ്തു. മുരിക്കനാകട്ടെ വേമ്പനാട്ടു കായലിൻ്റെ ആഴമേറിയ മദ്ധ്യഭാഗത്ത് ചിത്തിര, മാർത്താണ്ഡം, റാണി എന്നിങ്ങനെ പേരിട്ടുവിളിക്കുന്ന കായൽനിലങ്ങൾ ഒരുക്കിയെടുത്ത് ജർമ്മൻ പമ്പിൻ്റെ സഹായത്താൽ ജലം നീക്കിയാണ് കൃഷി ചെയ്തത്. തിരുവിതാംകൂറിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ സർക്കാറിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ ദൗത്യം മുരിക്കൻ നടപ്പിലാക്കിയത്.
വേമ്പനാട്ടുകായലിലൂടെ ഈ കായൽനിലങ്ങളെ തരണം ചെയ്ത് ബോട്ടിലോ വള്ളത്തിലോ പുരവഞ്ചിയിലോ സഞ്ചരിച്ചിട്ടുള്ളവർ ഏറെയുണ്ടാകും. പണ്ടൊരിക്കൽ വിശാലമായി തുറന്നുകിടന്ന കായലിൻ്റെ ഭാഗമാണ് ഓരോ നിലമെന്നും തോടുകൾപോലെയോ നദികൾ പോലെയോ തോന്നുന്നതായ തങ്ങൾ സഞ്ചരിക്കുന്ന ജലാശയം അവശേഷിക്കുന്ന കായലിൻ്റെ ഭാഗമാണെന്നും എല്ലാവരും മനസിലാക്കിക്കൊള്ളണമെന്നില്ല. സഞ്ചാരത്തിനിടയിൽ ഇരുവശങ്ങളിലും കാണപ്പെടുന്ന നിലങ്ങൾ ഏതൊക്കെയെന്ന് അതിൻ്റെ പേരു മനസ്സിലാക്കി തിരിച്ചറിയാൻ പലരും ശ്രദ്ധ വച്ചിട്ടുണ്ടാവില്ല. ലോകത്തിലെ തന്നെ അപൂർവ്വമായതും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടു കൂടിയതും പ്രകൃതിരമണീയവുമായ കുട്ടനാട്ടിലെ കായൽനിലങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. ഒപ്പം കൊടുത്തിരിക്കുന്ന ഭൂപടം ഒപ്പം നോക്കി ഓരോന്നും മനസ്സിലാക്കിയാൽ കൂടുതൽ എളുപ്പമായി.
കൈനടിയിലെ പള്ളിത്താനത്ത് മത്തായി ലൂക്കോ നേതൃത്വം കൊടുത്ത് 1862 മുതൽ 1872 വരെയുള്ള കാലയളവിൽ നൂറുകണക്കിന് കർഷകത്തൊഴിലാളികളുടെ അധ്വാനഫലത്താൽ കായലിൽ പുറംബണ്ട് പിടിച്ച് കൃഷിയോഗ്യമാക്കിയ നെൽവയലാണ് വേണാട്ടുകാട് കായൽ എന്നറിയപ്പെടുന്നത്. പുളിങ്കുന്നിന് പടിഞ്ഞാറ് മണിമലയാറിൻ്റെ പടിഞ്ഞാറേ കൈവഴിയോട് ചേർന്നുള്ള ഈ കായലിൻ്റെ വിസ്തീർണ്ണം 537 ഏക്കറോളം വരും.
വേണാട്ടുകാട് കായലിന് തൊട്ട് വടക്ക് ഭാഗത്തുള്ള മഠത്തിൽ കായൽ പൊക്കം, താഴ്ച എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. മഠത്തിൽ കായൽ ആകെ 600 ഏക്കറുണ്ട്. ഇതും പള്ളിത്താനത്ത് മത്തായി ലൂക്കായുടെ ശ്രമഫലമായി 1862-1872 കാലഘട്ടത്തിൽ തന്നെ രൂപം കൊണ്ടതാണ്. ഇതിൻ്റെ തെക്കു ചേർന്നു കിടക്കുന്നതാണ് വേണാട്ടുകരി (200 ഏക്കർ) പാടശേഖരം.
കുമരകത്തിൻ്റെ തെക്കേമുനമ്പിനോട് ചേർന്ന് കിടക്കുന്ന മെത്രാൻകായൽ 1888 ൽ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടിൽ മാർ ദിവന്യാസിയോസി(രണ്ടാമൻ)ൻ്റെ നിർദ്ദേശപ്രകാരം കോട്ടയം പഴയ സെമിനാരിയുടെ ആവശ്യത്തിലേയ്ക്കായി കുത്തിയെടുത്തു കൃഷിയോഗ്യമാക്കിയതാണ്. ഇത് ആകെ 406 ഏക്കറോളം വരും. ഏതാനും വർഷം മുമ്പ് ചില സ്വകാര്യവ്യക്തികൾ കയ്യേറി ടൂറിസം പദ്ധതികൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനെ സർക്കാർ ഇടപെട്ട് തടഞ്ഞതും കൃഷി പുനരാരംഭിച്ചതും വാർത്തയായിരുന്നു. സെമിനാരി കായൽ എന്നുകൂടി ഈ കൃഷിയിടം അറിയപ്പെടുന്നു.
കാവാലത്തിന് വടക്കും കൈനടിക്കു പടിഞ്ഞാറുമായി ഒറ്റ ബ്ലോക്കായി കാണപ്പെടുന്നത് ചെറുകര, പള്ളിത്താനം, രാജപുരം കായൽനിലങ്ങളാണ്. ഇവ 1898 മുതൽ 1903 വരെയുള്ള കാലയളവിലാണ് കുത്തിയെടുത്ത് കൃഷിയോഗ്യമാക്കിയത്. കൈനടിക്ക് തൊട്ടു പടിഞ്ഞാറ് ചേർന്നുകിടക്കുന്ന ചെറുകര കായൽ പള്ളിത്താനത്ത് മത്തായി ലൂക്കായുടെ കാലശേഷം അദ്ദേഹത്തിൻ്റെ മകനായ ലൂക്കാ മത്തായിയും സഹോദരനായ മത്തായി ഔസേഫും ചേർന്നാണ് കുത്തിയെടുത്തത്. ഇത് 473 ഏക്കറോളം വരും. അതേ കാലത്ത് പള്ളിത്താനത്തു ലൂക്കാ മത്തായി കുത്തിയെടുത്തതാണ് ചെറുകര കായലിനോട് ചേർന്ന് പടിഞ്ഞാറു ഭാഗത്തുള്ള പള്ളിത്താനം കായൽ (250 ഏക്കർ).
മണിമലയാറിൻ്റെ കിഴക്കൻ കൈവഴി വേമ്പനാട്ടു കായലിൽ ചേരുന്ന പതനസ്ഥാനത്തോട് ചേർന്ന് പള്ളിത്താനം കായൽനിലത്തിനോടു ചേർന്ന് പടിഞ്ഞാറു ഭാഗത്തു കിടക്കുന്ന രാജപുരം കായൽ (626 ഏക്കർ) 1898-1903 കാലയളവിൽ കാവാലത്തെ ചാലയിൽ ഇരവി കേശവപ്പണിക്കരും കൂട്ടരും ചേർന്ന് കുത്തിയെടുത്ത കൃഷിനിലമാണ്. കൊല്ലം ഡിവിഷൻ ദിവാൻ പേഷ്കാരായ രാജാ രാമറാവുവിൻ്റെ അനുമതിയോടെ കുത്തിയെടുത്ത ഈ കായലിന് രാജാ രാമപുരം കായലെന്നാണ് നാമകരണം ചെയ്തത്. അത് ചുരുക്കി രാജപുരം കായൽ എന്ന് ഇന്ന് അറിയപ്പെടുന്നു. ഇവിടെ ആദ്യത്തെ വിതയ്ക്കായി ആലപ്പുഴയിൽ നിന്ന് ബോട്ടു മാർഗ്ഗം ദിവാൻ പേഷ്കാർ എത്തി കരയ്ക്കിറങ്ങിയ സ്ഥലം ദിവാൻമൂല എന്നാണ് അറിയപ്പെടുന്നത്.
കാവാലത്തിന് പടിഞ്ഞാറായി കാണുന്ന നിലമാണ് മംഗലം കായൽ (979 ഏക്കർ). ഈ കായൽ 1898-1903 കാലയളവിൽ മഠത്തിൽ ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തിൽ കുത്തിയെടുത്തു. പുളിങ്കുന്നിനും വേണാട്ടുകാടിനും മംഗലം കായലിനും ഇടയിലുള്ള ശ്രീമൂലമംഗലം കായൽ (560 ഏക്കർ) പുളിങ്കുന്നിലെ വാച്ചാപറമ്പിൽകാർ 1898-1903 കാലഘട്ടത്തിൽ കുത്തിയെടുത്തതാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിൻ്റെ സ്മരണാർത്ഥമാണ് കായലിന് ഈ പേരിട്ടിരിക്കുന്നത്. തികച്ചും കായലായി തന്നെ അവശേഷിക്കുന്ന ഒരു വിശാലമായ ജലാശയം വട്ടക്കായൽ എന്ന പേരിൽ ഇതിനോട് ചേർന്ന് തെക്കുഭാഗത്തുണ്ട്. പുളിങ്കുന്ന് പഞ്ചായത്തിൻ്റെ പടിഞ്ഞാറേ ഭാഗമായ കായപ്പുറം വട്ടക്കായലിൻ്റെ കരയിലാണ്. കായപ്പുറത്തിന് ഏറെ വിനോദസഞ്ചാര സാധ്യതകളുണ്ട്.
മതിക്കായൽ(511 ഏക്കർ) 1898 മുതൽ 1903 വരെയുള്ള കാലയളവിൽ കാവാലം ചാലയിൽ രാമകൃഷ്ണ പണിക്കരുടെ ചുമതലയിൽ കുത്തിയെടുത്തതാണ്. ഇത് തെക്കേ മതി, വടക്കേ മതി എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു.
കൈനകരിയോടു ചേർന്നുള്ള ചെറുകാളി കായൽ 271 ഏക്കറും ആറുപങ്കുകായൽ 523 ഏക്കറുമാണ് വിസ്തീർണ്ണം.
കായൽ കുത്തിയെടുത്ത് കൃഷിയിടമാക്കുന്നതിനെ വിലക്കി ബ്രിട്ടീഷുകാർ ഉത്തരവിറക്കിയതിനാൽ തുടർന്നുള്ള പത്തു വർഷത്തോളം ഈ പ്രക്രിയ നിലച്ചുപോയി. കൊച്ചി തുറമുഖത്തിൻ്റെ നിലനില്പിനെ ഇതു ബാധിക്കുമെന്ന വാദമാണ് അതിന് കാരണമായി അവർ ഉന്നയിച്ചത്. എന്നാൽ 1912ൽ ഈ നിരോധനം നീങ്ങി. തുടർന്ന് കായൽകുത്തലിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു. കായലിൽ താരതമ്യേന ആഴമുള്ള ഭാഗങ്ങളിലാണ് ഇത്തവണ കൃ ഷിനിലങ്ങൾ കുത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നത്.
(തിരുവിതാംകൂറിലെ ചീഫ് എൻജിനീയറായിരുന്ന എ.എച്ച്.ബാസ്റ്റോ (A.H. Bastow) എന്ന ഇംഗ്ലീഷുകാരനാണ് തുടർന്നു കുത്തിയെടുക്കേണ്ട കായൽനിലങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. കായൽ നിലങ്ങളെയാകെ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ നാമകരണം ചെയ്തത് അദ്ദേഹമാണ്. A,B,O,P എന്നിവ ഒഴികെ C മുതൽ T വരെ കായൽനിലങ്ങളെ അത്തരത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞു.)
പുന്നമടക്കായലിൻ്റെ കിഴക്കും കൈനകരിക്ക് വടക്കുമായി 659 ഏക്കറോളം വരുന്ന C-Block കായൽനിലം ചിറയിൽ ചാക്കോ അന്തോണിയും പാവുത്ര പണിക്കരും ചേർന്ന് 1913ൽ കൃഷിയോഗ്യമാക്കി മാറ്റി.
1913 ൽ തന്നെ വള്ളിക്കാട്ട് മത്തായി ഔസേഫിൻ്റെ നേതൃത്വത്തിൽ മതിക്കായലിനും രാജപുരം കായലിനും ഇടയിൽ കിടന്ന കായൽ ബണ്ടു പിടിച്ച് കൃഷിയോഗ്യമാക്കി. 558 ഏക്കറോളം വരുന്ന ഈ കായലിന് D – Block തെക്കൻ എന്ന് പേരിട്ടു.
D-Block തെക്കൻ്റെ വടക്കുഭാഗത്തുള്ള D-Block വടക്കൻ (616 ഏക്കർ) 1913 ൽ വെട്ടത്തു തൊമ്മി ഔസേപ്പും വാച്ചാപറമ്പിൽകാരും ചേർന്ന് കുത്തിയെടുത്തു. ഇത് ആറ്റുമുഖം കായൽ എന്നും അറിയപ്പെടുന്നു.
D-Block വടക്കൻ്റെ പടിഞ്ഞാറു ഭാഗത്ത് 1913 ൽ തന്നെ തേവർക്കാട്ടുകാർ കുത്തിയെടുത്തതാണ് D – Block പുത്തൻ (646ഏക്കർ).
D – Block വടക്കൻ്റെ കിഴക്കുവശത്ത് വിസ്താരമേറിയ കായൽ തുറന്നു കിടക്കുന്നു. ഇതിനും കിഴക്കാണ് കായൽനിലങ്ങളിൽ ഏറ്റവും വിസ്താരമേറിയ E-Block. 2400 ഏക്കർ വിസ്തീർണ്ണമുള്ള ഈ കായൽനിലത്തെ ഇരുപത്തിനാലായിരം എന്നാണ് പൊതുവേ വിളിക്കുന്നത്. 1913 ൽ പള്ളിത്താനത്ത് ലൂക്കാ മത്തായി, കൊട്ടാരത്തിൽ കൃഷ്ണയ്യർ എന്നിവർക്കൊപ്പം കോട്ടയത്തെ നസ്രാണി സമുദായപ്രമുഖനും പ്ലാൻറ്ററുമായ കുന്നുംപുറത്ത് (അക്കരെ) സി.ജെ.കുര്യനും ചേർന്നാണ് E- Block കുത്തിയെടുത്തത്.കഴിഞ്ഞവർഷങ്ങളിൽ മികച്ച വിളവുണ്ടായിരുന്ന പാടശേഖരങ്ങളാണ് ഇവിടുത്തേത്.
E-Block കൈനടി ഗ്രാമത്തിനോട് ചേരുന്ന ഭാഗത്താണ് കായലിലെ കുരുതിക്കളം എന്ന സ്ഥലം. നാടുവാഴിത്തകാലത്ത് കുറ്റവാളികളെ തേക്കിൻ തടികൊണ്ടുണ്ടാക്കിയ മരക്കൂടിനുള്ളിൽ കയറ്റി ബന്ധിച്ച് കായലിൽ താഴ്ത്തി കൊലപ്പെടുത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു എന്നാണ് വാമൊഴി.
E-Block ന് കിഴക്കും പഴുക്കാനിലക്കായലിന് തെക്കുമായി കിടക്കുന്ന F- Block (628 ഏക്കർ) ജഡ്ജി ആറായിരം കായൽ എന്നുകൂടി അറിയപ്പെടുന്നു. ചിങ്ങവനത്തിന് പടിഞ്ഞാറാണിത്. കുറിച്ചി പ്രദേശത്തിനോടു ചേർന്ന് ഏകദേശം 215 ഏക്കറോളം വരുന്ന പാടശേഖരമാണ് G – Block എന്ന് അറിയപ്പെടുന്നത്. ഇതിൻ്റെ തെക്കുപടിഞ്ഞാറാണ് ആക്കനടി പാടശേഖരം.
കോട്ടയത്ത് പള്ളത്തെ പഴുക്കാനില കായലിൽ നിന്നു തുടങ്ങി ആലപ്പുഴയിലെ പുന്നമടക്കായൽ വരെ കിഴക്കുപടിഞ്ഞാറായി നേർരേഖയിൽ കിടക്കുന്ന പഴയ കപ്പൽചാലിൻ്റെ തെക്കുഭാഗത്തുള്ള കായൽനിലങ്ങളെ കുറിച്ചാണ് ഇതുവരെ വിശദീകരിച്ചത്. ഇനി വടക്കുഭാഗത്തുള്ള കായൽനിലങ്ങളെ കുറിച്ച് പറയാം. 1917ന് ശേഷമാണ് ഈ കായൽനിലങ്ങൾ രൂപപ്പെടുത്തുന്നത്.
ഇരുപത്തിനാലായിരത്തിനു ശേഷം വിസ്തൃതിയിൽ രണ്ടാം സ്ഥാനത്ത് H- Block, R – Block എന്നിവയാണ്. H – Block (1511ഏക്കർ) പള്ളിത്താനത്തു ലൂക്കാ മത്തായിയും വാച്ചാപറമ്പിൽകാരും പഴയപറമ്പിൽകാരും ചേർന്ന് 1917ൽ കുത്തിയെടുത്തതാണ്.
H-Blockനും പഴുക്കാനില കായലിനും ഇടയിലുള്ള ചെറിയ കൃഷിനിലമായ I-Block (370ഏക്കർ) 1917 ൽ കണ്ണത്തുശ്ശേരിൽ പയസ് ഔസേപ്പ് കുത്തി കൃഷിയോഗ്യമാക്കിയതാണ്.
J-Block (908ഏക്കർ) 1917 ൽ അക്കരെ സി.ജെ.കുര്യൻ്റെ നേതൃത്വത്തിൽ കുത്തിയെടുത്തതാണ്. ഒമ്പതിനായിരം എന്നാണ് ഈ പാടശേഖരം അറിയപ്പെടുന്നത്. ഒമ്പതിനായിരത്തിൻ്റെ കിഴക്കുഭാഗം നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കൃഷിയോഗ്യമാക്കിയ മലരിക്കൽ, തിരുവായ്ക്കരി പാടശേഖരങ്ങളാണ്. മീനച്ചിലാറിൻ്റെ പതനസ്ഥാനത്തോടടുത്താണ് ഈ പാടശേഖരങ്ങൾ. കിളിരൂരിൽനിന്നും തുടങ്ങി പഴുക്കാനിലയിൽ പതിക്കുന്ന നീലിത്തോട്ട് ഒമ്പതിനായിരത്തിനു കിഴക്കു ചേർന്ന് തെക്കുവടക്കായി കടന്നുപോകുന്നു. ഇതിൻ്റെ മദ്ധ്യഭാഗത്ത് മുന്നൂറു വർഷങ്ങൾക്ക് മുമ്പ് തെക്കുംകൂറിൻ്റെ ഒരു കോട്ട നിലനിന്നിരുന്നതിൻ്റെ അവശേഷിപ്പുകൾ കാണാനുണ്ട്. ഈ തോടിന് പടിഞ്ഞാറുള്ള ഭാഗം അക്കാലത്ത് തുറന്ന കായലിൻ്റെ ഭാഗമായിരുന്നു ഇതാണ് കുത്തിയെടുത്ത J-Block.
J-Blockന് പടിഞ്ഞാറായി തിരുവാർപ്പിനും കുമരകത്തിനും തെക്കും H-Block ന് വടക്കുമായി കിടക്കുന്ന നിലമാണ് K,L ബ്ലോക്കുകൾ. കിഴക്കുഭാഗത്തുള്ള K-Block (661ഏക്കർ) മാരാൻകായൽ എന്നറിയപ്പെടുന്നു. L-Block (145ഏക്കർ) വളരെ ചെറുതും പള്ളിക്കായലിലേക്ക് ഒരു ആപ്പു പോലെ തള്ളി നിൽക്കുന്നതുമാണ്. അതുകൊണ്ട് ആപ്പുകായൽ എന്നും വിളിക്കുന്നു. കോട്ടയം – ആലപ്പുഴ ജലപാത മാരാൻ-ആപ്പു കായലുകളുടെ വടക്കേ ഓരം ചേർന്ന് പോകുന്നു. 1917ൽ അക്കരെ സി.ജെ.കുര്യൻ്റ നേതൃത്വത്തിലാണ് ഈ കായൽനിലങ്ങൾ കുത്തിയെടുത്തത്.
MN-Blockകൾ മാരാൻ കായലിൻ്റെ വടക്ക് തിരുവാർപ്പ് പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ വയലുകളോട് ചേർന്നു കിടക്കുന്നു. M-Block 276 ഏക്കറും N-Block 261 ഏക്കറുമുണ്ട്. 1917 ൽ അക്കരെ സി.ജെ.കുര്യനാണ് ഈ കായൽനിലങ്ങൾ കൃഷിയോഗ്യമാക്കിയത്.
കായൽനിലങ്ങളിൽ നെൽകൃഷിയുടെ കാര്യത്തിൽ മുന്നിട്ടു നിന്നിരുന്ന കായൽ നിലമാണ് R-Block (1590 ഏക്കർ).1922ൽ പള്ളിത്താനത്തു ലൂക്കാ മത്തായിയും പഴയപറമ്പിൽകാരും എട്ടുപറമ്പിൽകാരും ചേർന്നാണ് ആർ ബ്ലോക്ക് കുത്തിയെടുത്തത്. ജലസേചന സംവിധാനങ്ങൾ തകരാറിലായതോടെ നെൽകൃഷിയും വെള്ളം കെട്ടിക്കിടന്നതോടെ തെങ്ങുകളും നശിച്ചതോടെ ആർ ബ്ലോക്ക് വർഷങ്ങളോളം തരിശായി കിടന്നു. മണ്ടയറ്റ തെങ്ങുകളാണ് ഇന്ന് ആർ ബ്ലോക്കിൽ കാണാൻ കഴിയുന്നത്. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും നിലവാരമുള്ള തെങ്ങിൻകള്ള് ഉത്പാദിപ്പിച്ചിരുന്നത് ഇവിടെ നിന്നാണ്.
കായൽ കുത്തിയെടുത്തു കൃഷി ചെയ്യുന്നതിൻ്റെ മൂന്നാംഘട്ടം 1942 ലാണ് ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്തിരതിരുനാളിൻ്റെ നിർദ്ദേശപ്രകാരം മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫിൻ്റെ നേതൃത്വത്തിൽ മൂന്നു കായൽനിലങ്ങൾ നടുക്കായലിൽ നിന്ന് കുത്തിയെടുത്തു. അതിൽ ആർ ബ്ലോക്കിൻ്റെ തൊട്ടു പടിഞ്ഞാറുള്ള കായൽനിലം Q-BLock (654 ഏക്കർ) അഥവാ മാർത്താണ്ഡം കായൽ എന്നറിയപ്പെടുന്നു. തിരുവിതാംകൂറിലെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഓർമ്മയ്ക്കായാണ് ആ പേരിട്ടത്.
മാർത്താണ്ഡം കായലിനോട് ചേർന്ന് വടക്കു കിടക്കുന്നതാണ് S-Block (573 ഏക്കർ) അഥവാ റാണിക്കായൽ. തിരുവിതാംകൂറിലെ സേതു പാർവ്വതിഭായിയുടെ പേരിലാണ് ഈ കായൽ അറിയപ്പെടുന്നത്.
ആർ ബ്ലോക്കിന് വടക്കും റാണിക്കായലിന് കിഴക്കുമായി കിടക്കുന്ന T- Block (730 ഏക്കർ) അഥവാ ചിത്തിരക്കായലിന് തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്തിരതിരുനാളിൻ്റെ സ്മരണാർത്ഥമാണ് പേരിട്ടിരിക്കുന്നത്.
സഭയുടെയോ ഏതെങ്കിലും ഇടവകയുടെയോ അനുമതി കൂടാതെ മുരിക്കൻ ചിത്തിരക്കായലിൻ്റെ തെക്കുപടിഞ്ഞാറേ മൂലയിൽ സാമാന്യം വലിപ്പമുള്ള ഒരു പള്ളി പണികഴിപ്പിച്ചു. തനിക്കും ഭാര്യയ്ക്കും വേണ്ടി പ്രത്യേകം കല്ലറകൾ പണിതെങ്കിലും അവിടെ അന്ത്യവിശ്രമം കൊള്ളാനുള്ള യോഗം അദ്ദേഹത്തിനുണ്ടായില്ല. ഇന്ന് ചിത്തിരപ്പള്ളി ഒരു ചരിത്രസ്മാരകം മാത്രമായി അവശേഷിക്കുന്നു.
വിവിധ കാലഘട്ടങ്ങളിലായി ആയിരക്കണക്കിന് കർഷകത്തൊഴിലാളികളുടെ അക്ഷീണമായ പരിശ്രമമാണ് കുട്ടനാട്ടിലെ ഈ മഹാനിർമ്മിതിക്ക് കാരണമായത്. പരമ്പരാഗതമായി കരികുത്തിയുള്ള കൃഷിയുടെയും ജലസേചനരീതികളുടെയും സാങ്കേതികവിദ്യ സ്വായത്തമാക്കിയിരുന്ന അടിസ്ഥാനവർഗ്ഗ ജനത കാർഷിക ഭൂപ്രഭുക്കൻമാരുടെ നിർദ്ദേശപ്രകാരം പണിയെടുക്കുകയായിരുന്നു. ഭൂജന്മിമാരും കർഷകത്തൊഴിലാളികളും തമ്മിൽ നൂറ്റാണ്ടുകളായി നില നിന്നുവന്നിരുന്ന തൊഴിൽബന്ധങ്ങളും സാമൂഹ്യക്രമങ്ങളും അടിസ്ഥാനമാക്കിയാണ് ഈ ഭഗീരഥ പ്രയത്നത്തിലും ഇരുകൂട്ടരും ഒരുമിച്ചത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ സാമാന്യമായ ജീവിതനിലവാരത്തെ ഉയർത്തുന്ന വിധം കൂലി കൂടുതലൊന്നും ഇക്കാലത്ത് ഉണ്ടായതായി അറിവില്ല. എങ്കിലും വമ്പിച്ച കാർഷിക ആദായം മൂലം പ്രദേശത്താകെയുണ്ടായ സാമ്പത്തിക മുന്നേറ്റം സമൂഹത്തിൻ്റെ താഴെ തട്ടിൽ വരെ പ്രതിഫലിച്ചു എന്നത് കായൽകൃഷി മൂലം കുട്ടനാട്ടിലുണ്ടായ ഗുണഫലങ്ങളിൽ പ്രധാനമാണ്.
മലരിക്കൽ പ്രദേശത്തിന് കിഴക്കായും മുട്ടം -പള്ളം പ്രദേശങ്ങൾക്ക് പടിഞ്ഞാറായും പഴുക്കാനില കായലിന് വടക്കുഭാഗത്ത് കിടക്കുന്ന പാടശേഖരമാണ് തിരുവായ്ക്കരി. വടക്ക് മീനച്ചിലാറും കിഴക്ക് കൊടൂരാറും ഓരം ചേർന്ന് ഒഴുകുന്നു. പണ്ട് പൂഞ്ഞാർ രാജവംശത്തിൻ്റെ ചേരിക്കൽ നിലമായിരുന്നത്രേ ഇത്. തിരുവായ്ക്കരി പാടശേഖരത്തിൻ്റെ തെക്കുഭാഗത്ത് മദ്ധ്യത്തിലുള്ള ഒരു തുരുത്തിലാണ് പ്രസിദ്ധമായ വലിയ വീട്ടിൽ ഭഗവതി ക്ഷേത്രം. ഒറ്റമുലച്ചി സങ്കൽപ്പത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്. പഴുക്കാ നിലയിൽ ഇറമ്പത്തിന് വളരെയടുത്താണിത്.
Content highlight : Vembanatu Kayal