ഉത്തർപ്രദേശിലെ ഇൻഫ്ലുവെൻസർമാരെ കയ്യിലെടുക്കാനുള്ള നീക്കങ്ങളിലാണ് യുപി സർക്കാർ. ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന ഇൻഫ്ലുവൻസർമാർക്ക് വലിയ തുകയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസം 8 ലക്ഷം രൂപ വരെ ഇത്തരത്തിൽ ഇൻഫ്ലുവൻസർമാർക്ക് സ്വന്തമാക്കാം. സർക്കാരിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ വീഡിയോകളും റിപ്പോർട്ടുകളും പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഈ ബില്ലിനെതിരെ പ്രതിപക്ഷം അതിശക്തമായി തന്നെ രംഗത്തെത്തി. ഓഗസ്റ്റ് 27നാണ് ഈ പുതിയ സമൂഹമാധ്യമ നയത്തിന് ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകിയത്. കൂടാതെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ആക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധപ്പെടുത്തുന്നവർക്കെതിരെ നിയമനടപടിയും ഉറപ്പാക്കുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി താമസിക്കുന്ന യുപി സ്വദേശികൾക്ക് വൻതോതിൽ തൊഴിൽ ലഭിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.ഫോളോവേഴ്സിന്റെ എണ്ണത്തിനനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുക. യൂ ട്യൂബർമാർക്കാണ് കുടൂതൽ പ്രതിഫലം. എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ അകൗണ്ടുള്ളവര്‍ക്ക് അവരുടെ റീച്ചിന് അനുസരിച്ച് മാസം 5,4,3 ലക്ഷം വീതം ലഭിക്കും പരസ്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ ഡിജിറ്റൽ ഏജൻസിയായ വി-ഫോമിനെ ചുമതലപ്പെടുത്തി. വീഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവർക്കായിരിക്കും. ആക്ഷേപകരമായ സോഷ്യൽ മീഡിയ ഉള്ളടക്കത്തെ നിയന്ത്രിക്കുമെന്നും നയം പറയുന്നു.
ദേശവിരുദ്ധമോ സാമൂഹികവിരുദ്ധമോ വ്യാജവാർത്തയോ പ്രകോപനപരമോ ആയ ഉള്ളടക്കങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. സോഷ്യല്‍ മീഡിയ ആധിപത്യം സ്ഥാപിക്കാനാണ് ബിജെപി പുതിയ നയം കൊണ്ടു വന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. വിമര്‍ശകരെ ശിക്ഷിക്കുകയും ബിജെപിയുടെ പ്രൊപ്പഗാണ്ടയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
content highlight: up-government-to-pay-up-to-rs-8-lakh-to-influencers