Kerala

‘എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക’; കുത്തിയിരിപ്പ് സമരവുമായി പി വി അൻവർ എംഎൽഎ | unusual-protest-by-pv-anvar-mla

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെതിരെ പി വി അൻവർ എംഎൽഎ. എസ്പിയുടെ ഔദ്യോഗിക വസതിയുടെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് എംഎൽഎ. വിവിധ വിഷയങ്ങളിൽ എസ്പിക്കെതിരെയുള്ള പ്രതിഷേധമാണ് കുത്തിയിരിപ്പ് സമരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പി വി അൻവർ എംഎൽഎ പ്രതികരിച്ചു. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പ്രതിഷേധം.

പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.

പൊലീസ് സ്റ്റേഷൻ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പൊലീസ് സ്റ്റേഷന് നാലു വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്‍റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാൻ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‍പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്.പാവങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെ മലപ്പുറം പൊലീസ് മേധാവി മനപൂര്‍വം തടസപ്പെടുത്തുകയാണെന്നാണ് പിവി അൻവര്‍ എംഎല്‍എയുടെ ആരോപണം.

ലൈഫ് പദ്ധതി അട്ടിമറിച്ചു, വാര്‍ത്ത ചോര്‍ത്തി, മരം മുറിച്ചു എന്നിങ്ങനെ വിവിധ വിഷയങ്ങളിലായാണ് പ്രതിഷേധമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ മരം മുറിച്ചിട്ടുണ്ടോയെന്ന് നോക്കാനാണ് എത്തിയത്. എന്നാല്‍, അതിന് അനുവദിച്ചില്ല. അപ്പോള്‍ ഇങ്ങനെ സമരം നടത്താതെ വെറെ വഴിയില്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. സമരം 12.30 വരെ തുടരുമെന്നും ഉദ്യോഗസ്ഥർക്കെതിരെ ഇനി പരാതി നൽകാനില്ലെന്നും കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു.ഇന്നലെ എസ്‍പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ പിവി അന്‍വറിനെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

content highlight: unusual-protest-by-pv-anvar-mla