പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജോക്കര്‍: ഫോളി എ ഡ്യൂക്സ്’ ഇന്ത്യയില്‍ ആദ്യം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി വാര്‍ണര്‍ ബ്രദേഴ്‌സ്. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ചിത്രം നാലാം തീയതിയാണ് ലോക വ്യാപകമായി തീയേറ്ററില്‍ എത്തുക. ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം വാര്‍ണര്‍ ബ്രദേഴ്സ് ഇന്ത്യയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ അവധിയായ ഒക്ടോബര്‍ 2-നുള്ള ഗാന്ധിജയന്തി മുന്നില്‍ക്കണ്ട് തിയേറ്ററുകളില്‍ കൂടുതല്‍ പ്രേക്ഷകരെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
View this post on Instagram
2024 ഒക്ടോബര്‍ 2 ബുധനാഴ്ച, യഥാര്‍ത്ഥത്തില്‍ ഷെഡ്യൂള്‍ ചെയ്ത റിലീസിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിലെ സിനിമാശാലകളില്‍ എത്തുമെന്ന് ആശ്ചര്യകരവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ പ്രഖ്യാപനത്തില്‍ വാര്‍ണര്‍ ബ്രദേഴ്‌സ് ഇന്ത്യ വിഭാഗം വെളിപ്പെടുത്തി. തീയതി പ്രഖ്യാപിച്ചതോടെ ആരാധകരില്‍ ആവേശം ഇരട്ടിയായതായും, അവര്‍ തങ്ങളുടെ ഐതിഹാസിക കഥാപാത്രത്തിന്റെ അടുത്ത അധ്യായത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നതായും വാര്‍ണര്‍ ബ്രദേഴ്‌സ് അറിയിച്ചു. ആദ്യ ഭാഗം ജോക്കര്‍ 2019 ഒക്ടോബര്‍ 4 നാണ് ലോക വ്യാപകമായി റിലീസ് ചെയ്തത്. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ഈ സിനിമ, പ്രശ്നബാധിതനായ ഹാസ്യനടന്‍ ആര്‍തര്‍ ഫ്‌ലെക്ക് കുപ്രസിദ്ധ ജോക്കറായി മാറുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും നിറഞ്ഞതാണ് ചിത്രത്തിന്റെ പ്രമേയം. ഓസ്‌കാര്‍ ജേതാവായ ജാക്വിന്‍ ഫീനിക്സാണ് ജോക്കറായി വേഷമിടുന്നത്. ‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ ഹാര്‍ലിന്‍ ക്വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലേഡി ഗാഗയായതിനാല്‍ എന്താകും പുതിയ ജോക്കറെന്ന് ആകാംഷയിലാണ് ആരാധാകര്‍.
2019 ല്‍ ഇറങ്ങിയ ആദ്യ ഭാഗമായ ജേക്കറില്‍ സങ്കീര്‍ണത നിറഞ്ഞ അവസ്ഥയില്‍ നിന്നുകൊണ്ട് തന്നെ പുതിയ മാനങ്ങള്‍ കണ്ടെത്തിക്കൊണ്ടുള്ള കഥാവികാസമാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുതിയ ആഖ്യാന ശൈലി ‘ജോക്കര്‍: ഫോളി എ ഡ്യൂക്സിന്’ ബോക്സ് ഓഫീസില്‍ ശക്തമായ ഓപ്പണിംഗ് നല്‍കുമെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യന്‍ വിപണിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നായിരിക്കും. രാജ്യത്തെ ഒട്ടുമിക്ക ഐമാക്‌സ് തീയേറ്ററുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനും പദ്ധതിയുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. മാനസികമായ പ്രശ്നങ്ങള്‍ നേരിടുന്നവരെ ചികിത്സിയ്ക്കുന്ന കേന്ദ്രത്തില്‍ വച്ച് ഹാര്‍ലിന്‍ ക്വിന്‍ ആര്‍തറിനെ (ജോക്കര്‍) കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഹാര്‍ലിയ്ക്ക് ആര്‍തറിനോട് ഇഷ്ടം തോന്നുന്നു. അത് കടുത്ത അഭിനിവേശമായും പ്രണയമായും പരിണമിക്കുന്നു. അപകടകാരികളായ രണ്ടു പേര്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഭീകരസംഭവങ്ങളിലേക്കാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്. 2019ല്‍ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം R Rated സിനിമ വിഭാഗത്തില്‍ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് വാക്വിന്‍ ഫീനിക്‌സ് അവതരിപ്പിച്ചിച്ചത്. കഥാപാത്രത്തിന്റെ പരാധീനതകള്‍ തന്നിലേക്ക് പൂര്‍ണമായും ആവേശിച്ച് പ്രേക്ഷരില്‍ കടുത്ത വൈകാരികഭാരമാണ് വാക്വിന്‍ ഫീനിക്‌സ് സൃഷ്ടിച്ചത്. ആ വര്‍ഷത്തെ ഓസ്‌കര്‍ അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാക്വിന്‍ ഫീനിക്‌സ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. ചിത്രത്തില്‍ ബാറ്റ്മാന്‍ വരുമെന്നും അതുകൊണ്ടു തന്നെ കോമിക് ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കല്‍ ത്രില്ലറായാണ് ജോക്കര്‍ 2 ഒരുക്കിയിരിക്കുന്നത്. ദി ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്‌കാര്‍ നോമിനികളായ ബ്രണ്ടന്‍ ഗ്ലീസണ്‍, ‘ഗെറ്റ് ഔട്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാതറിന്‍ കീനര്‍ എന്നിവരും ചിത്രത്തിലുണ്ട്. സാസി ബീറ്റ്സ് ആദ്യ ചിത്രത്തിലെ തന്റെ വേഷം വീണ്ടും അവതരിപ്പിക്കും ജാക്കബ് ലോഫ് ലാന്‍ഡ്, ഹാരി ലോവ്റ്റെ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
Content Highlights: Warner Bros. has decided to release the highly anticipated ‘Joker: Folly a Deux’ in India first.