Health

മുഖക്കുരു വല്ലാതെ അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒന്ന് ഒഴിവാക്കി നോക്കൂ..-Foods, pimples

പുറമേയുള്ള സംരക്ഷണം കൊണ്ട് മാത്രം മുഖക്കുരുവില്‍ നിന്നും രക്ഷപ്പെടാന്‍ ആകില്ല

ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പലരെയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് മുഖത്ത് ഉണ്ടാകുന്ന കുരുക്കള്‍. മുഖക്കുരുകള്‍ മാറുന്നതിനായി പലതരത്തിലുള്ള ക്രീമുകളും ട്രീറ്റ്‌മെന്റുകളും പൊടിക്കൈകളും ഒക്കെ എടുത്ത് കുഴഞ്ഞിരിക്കുന്നവരായിരിക്കും മിക്കവരും. എന്നാല്‍ ഇത്തരത്തില്‍ പുറമേയുള്ള സംരക്ഷണം കൊണ്ട് മാത്രം മുഖക്കുരുവില്‍ നിന്നും രക്ഷപ്പെടാന്‍ ആകില്ല.

ആരോഗ്യവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ചിലരില്‍ മുഖക്കുരുകള്‍ കൂടാറുണ്ട്. ഇത്തരത്തില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആണ് മുഖക്കുരുകള്‍ കൂടുന്നതെന്ന് നമുക്ക് നോക്കാം. ഇവ ഒഴിവാക്കിയാല്‍ തന്നെ ഒരു പരിധിവരെ നിങ്ങള്‍ക്ക് മുഖക്കുരുവില്‍ നിന്നും രക്ഷ നേടാനാകും.

ഫാസ്റ്റ് ഫുഡ്

ബര്‍ഗര്‍, പിസ്സ പോലെയുള്ള ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുന്നവരില്‍ മുഖക്കുരുവിന്റെ അളവ് കൂടുതലായിരിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള എണ്ണ ആയിരിക്കാം ഇത്തരത്തിലുള്ള മുഖക്കുരുകള്‍ ഉണ്ടാകാന്‍ കാരണം. കൂടാതെ ഇത്തരം ഉഭക്ഷണങ്ങളിലെ കൊഴുപ്പും ഒരു കാരണമാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലും പാലുല്‍പ്പന്നങ്ങളും ഇന്‍സുലിന്റെ ഉല്‍പാദനത്തെ കൂട്ടുന്നു. ഇത് ചര്‍മ്മത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ക്രീം, ചീസ്, തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

പഞ്ചസാര

മുഖക്കുരു ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണമാണ് പഞ്ചസാര. ഇത് നമ്മള്‍ കഴിക്കുന്ന സോഡാ ഡ്രിങ്‌സിലും ജ്യൂസുകളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ നമ്മുടെ ശരീരത്തില്‍ ഒരു ദിവസം തന്നെ ഒരുപാട് അളവില്‍ ചെല്ലാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.

ചോക്ലേറ്റ്

ചര്‍മ്മത്തില്‍ എണ്ണ ഉല്‍പ്പാദനം കൂട്ടുന്ന മെഥൈല്‍ക്‌സാന്തൈന്‍സ് എന്ന സംയുക്തങ്ങള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചോക്ലേറ്റില്‍ പഞ്ചസാരയും കൂടുതലാണ്. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ വര്‍ധനവിന് കാരണമാകുന്നു. ഇത് മുഖക്കുരുവിനും കാരണമാകും.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

സ്ഥിരമായി മാംസ ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാന്‍ കാരണമാകും. കൊഴുപ്പ് കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കുരുക്കളുടെ എണ്ണവും കൂടും. ഇതിലൂടെ ശരീരത്തിലെ എണ്ണമയവും സ്വാഭാവികമായി കൂടുന്നതിനാല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ മുഖക്കുരുവിന് കാരണമാകുന്നു.

മദ്യം

മദ്യം കഴിക്കുന്നത് മൂലം ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാകുന്നു. അതുവഴി ഉണ്ടാകുന്ന ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്ക് പരിഹാരമായി എണ്ണ അമിതമായി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടാം. ഈ അധിക എണ്ണ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു രൂപപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.

STORY HIGHLIGHTS: Foods that can cause pimples