റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്‌തോവില്‍ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളീയരായ സന്തോഷ് കാട്ടുകാലയ്ക്കല്‍ ഷണ്‍മുഖന്‍, സിബി സുസമ്മ ബാബു, റെനിന്‍ പുന്നക്കല്‍ തോമസ് എന്നിവര്‍ ലുഹാന്‍സ്‌കിലെ സൈനിക ക്യാമ്പില്‍ കുടുങ്ങി കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും അറിയുന്നു. ഇവരെ രക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകള്‍ വേണം. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയാണ് കേരളീയരായ ഇവര്‍ റഷ്യയിലെത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയില്‍ വിന്യസിക്കുകയാണെന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
റഷ്യയിലെ യുദ്ധത്തിനു വേണ്ടി കേരളത്തില്‍ നിന്നും മനുഷ്യക്കടത്ത് നടത്തിയെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതരമായി പരിക്കേറ്റവരില്‍ മലയാളികളും ഉള്‍പ്പെട്ടിരുന്നു. പൂവാര്‍ സ്വദേശിയ ഡേവിഡിന്റെ കാല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന വിവരവും വന്നിരുന്നു. ഒപ്പമുള്ള മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നും ഇപ്പോള്‍ താന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നതെന്നും ഡേവിഡ് തന്നെയാണ് റഷ്യയില്‍ നിന്നും വീട്ടുകാരെ അറിയിച്ചിരുന്നത്. സെക്യൂരിറ്റി ജോലിക്കെന്നു പറഞ്ഞ് തിരുവനന്തപുരത്ത് തുമ്പ, അഞ്ചുതെങ്ങ്, പൂവാര്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി ചെറുപ്പക്കാരെ ഏജന്റുമാര്‍ കൊണ്ടുപോയി റഷ്യന്‍ കൂലിപ്പട്ടാളത്തിന് കൈമാറിയതായാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
കേരളത്തില്‍ നിന്ന് എത്രപേര്‍ റഷ്യയിലെത്തി യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ടു എന്നതു സംബന്ധിച്ച് വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. വിവിധ ഏജന്റുമാര്‍ വഴിയാണ് ഇവര്‍ റഷ്യയിലെത്തിയത്. കൂലിപ്പടയായ വാഗ്നര്‍ ഗ്രൂപ്പിനാണ് ഇവരെ കൈമാറിയതെന്നാണ് സി.ബി.ഐയ്ക്ക് ലഭിച്ചിരിക്കുന്ന സൂചന. അവരുമായി നേരിട്ട് ഇടപെടാന്‍ കേന്ദ്ര നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതും ഇവരുടെ മോചനം സങ്കീര്‍ണമാക്കുന്നുണ്ട്. മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതിയും എംബസിയും വിഷയത്തില്‍ ഇടപെട്ട് ഇവരുടെ മോചനം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി ത്വരിതപ്പെടുത്തണം. തൊഴില്‍ തട്ടിപ്പിലൂടെ റഷ്യയിലെത്തിച്ച മലയാളികള്‍ക്ക് 23 ദിവസത്തെ യുദ്ധപരിശീലനം നല്‍കി പാസ്പോര്‍ട്ടും പിടിച്ചുവച്ചിട്ടാണ് യുദ്ധമുഖത്തേക്കു വിടുന്നതെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ഈ വാര്‍ത്തകളെ്‌ലാം ശരിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ കത്തിനെ ഗൗരവമായി കണ്ട് കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതാണ്.
CONTENT HIGHLIGHTS; The Malayalis who were victims of labor fraud in Russia should be brought back: Chief Minister has sent a letter to the central government Malayalis were trafficked and became mercenaries in Russia