പാലക്കാട് മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. കോൺഗ്രസ്, ഐഎൻടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജോലിയിൽ തിരിച്ചെടുക്കുകയോ ആവശ്യമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
സമരത്തിൽ പങ്കെടുത്ത അറുപത് വയസ്സ് പിന്നിട്ടവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലമ്പുഴ ഡാം പരിസരത്തെ ഉദ്യാനം കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസമാണ് ഇവരെ കൂട്ടത്തോടെ പിരിച്ചു വിട്ടതായുള്ള ഉത്തരവ് പുറത്ത് വന്നത്. ഏകദേശം 96 താത്കാലിക തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.
ഉദ്യാനത്തെയും ഡാം പരിസരത്തെയും ശുചീകരണ ജോലികൾ ചെയ്തിരുന്നത് ഇവരായിരുന്നു. ജീവിതവൃത്തിക്ക് മറ്റ് വഴിയിലെന്നും സർക്കാർ മനുഷ്യ സഹജമായ ഇടപെടൽ നടത്തണമെന്നും ഇവർ പറയുന്നു. ഉത്തരവ് രേഖാമൂലം നൽകാതെ നോട്ടീസ് ബോർഡിൽ ഇടുക മാത്രമാണ് ചെയ്തതതെന്നും മുപ്പതിലേറെ വർഷങ്ങളായി ജോലി ചെയ്യുന്ന തങ്ങൾ മറ്റുള്ളവർ പറഞ്ഞാണ് പിരിച്ചുവിട്ട വിവരമറിയുന്നതെന്നും ശുചീകരണ തൊഴിലാളികൾ ആരോപിച്ചു.