Travel

മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും ഒരുമിച്ച് കാണണോ? ഇങ്ങോട്ട് പോരെ..

ആദ്യകാലങ്ങളില്‍ ഇവിടം മാടത്തുമല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്

കേരളത്തിന്റെ വടക്കേ അറ്റത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇടമാണ് റാണിപുരം. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന വനപ്രദേശത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന കുന്നിന്‍ നിരകളാണ് റാണിപുരം. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരും ഇവിടെ എത്താറുണ്ട്.

ഈ സ്ഥലം 1970-കളില്‍ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. തുടര്‍ന്ന് കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുന്‍പുള്ള ആചാരങ്ങള്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള തെയ്യം എല്ലാ മെയ് മാസത്തിലും ഇവിടെ നടക്കുന്നു. വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയില്‍, അതിസമ്പന്നമായ ജീവജാലങ്ങളെയും അപൂര്‍വയിനം പക്ഷികളെയും ഈ യാത്രയില്‍ കാണാനാകും.

വനമേഖലയിലാണ് റാണിപുരം മലനിരകള്‍ കാണാന്‍ സാധിക്കുന്നത്. ആദ്യകാലങ്ങളില്‍ ഇവിടം മാടത്തുമല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ പ്രഭാത കാഴ്ചകളും സായാഹ്ന കാഴ്ചകളുമാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. കഠിനമായ ട്രക്കിംഗിലൂടെ മലകയറി മുകളില്‍ എത്തുമ്പോള്‍, അനുഭവിച്ച കഷ്ടതകള്‍ ഒന്നുമല്ലാതായി പോകുന്നതുപോലെ തോന്നും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്ഥലം തീര്‍ച്ചയായും നിങ്ങളുടെ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കര്‍ണാടകയിലെ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ എന്നീ സ്ഥലങ്ങളാണ് റാണി പുരത്തിന്റെ സമീപത്തായി കാണുന്നത്. പാണത്തൂരില്‍ നിന്ന് തലയ്ക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദര്‍ഗയിലേക്ക് 60 കിലോമീറ്ററും മാത്രമേ ദൂരമുള്ളൂ. റാണിപുരത്തെ കാലാവസ്ഥയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഊട്ടിക്ക് സമാനമായ കാലാവസ്ഥയാണ് ഇവിടെ. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഊട്ടി എന്നും റാണിപുരം അറിയപ്പെടുന്നു.

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാഞ്ഞങാങാട് നിന്നും ഇവിടേക്ക് ബസ്സ് സര്‍വീസ് ഉണ്ട്. കാഞ്ഞങ്ങാട്ടില്‍ നിന്നുള്ള ബസ് സര്‍വീസ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഓഫീസില്‍ നിങ്ങളെ എത്തിക്കും. അവിടെ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. താമസ സൗകര്യം തേടുന്നവര്‍ക്ക്, ഡിടിപിസി കോട്ടേജുകള്‍ ഉപയോഗിച്ച് ഉന്മേഷവാന്മാരായി ട്രക്കിനായി തയ്യാറെടുക്കാം.

STORY HIGHLIGHTS: Ranipuram, Kasargod