മലയാളികളുടെ ഇടയില്‍ അത്ര സുപരിചിതമല്ലായിരുന്നു ചോളം. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് തൊട്ട് ഉത്സവപ്പറമ്പുകളിലും പരിപാടി നടക്കുന്ന സ്ഥലങ്ങളിലുമൊക്കെ ചോളം അപ്പോള്‍ തന്നെ കുക്ക് ചെയ്തു നല്‍കാന്‍ തുടങ്ങിയിരുന്നു. അതില്‍ തുടങ്ങി ഇപ്പോള്‍ മിക്ക വീടുകളിലും സുലഭമായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് ചോളം.
ചോളം പുഴുങ്ങിയും ചുട്ടും ഒക്കെ കഴിക്കാറുണ്ട് മിക്കവരും. പുഴുങ്ങുന്ന ചോളത്തില്‍ എക്‌സ്ട്രാ മസാല കൂട്ടുകളൊക്കെ ചേര്‍ത്തിളക്കി കഴിച്ചാല്‍ നല്ല ടേസ്റ്റ് ആണ്. അതുപോലെതന്നെ ബ്രേക്ഫാസ്റ്റിനും വൈകുന്നേരങ്ങളില്‍ ഇടവേളകളിലും ഒക്കെ ചോളം കഴിക്കാറുണ്ട് ഇന്ന് മിക്കവരും. ഈ ചോളത്തിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..
ചോളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലവിസര്‍ജ്ജനം ക്രമപ്പെടുത്തുകയും ചെയ്യുന്നു. മലബന്ധം തടയാനും ചോളം സഹായിക്കും. ചോളം കഴിക്കുന്നതിലൂടെ ദഹനനാളത്തില്‍ കുമിളകള്‍ രൂപപ്പെടുന്ന ഡൈവേര്‍ട്ടിക്യുലൈറ്റിസ് എന്ന അവസ്ഥയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ചോളത്തില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫോളേറ്റ്, പൊട്ടാസ്യം, പ്ലാന്റ് സ്റ്റിറോള്‍ തുടങ്ങിയ സംയുക്തങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ചോളം കഴിക്കുന്നതിലൂടെ വിളര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും. നിങ്ങളുടെ ശരീരത്തില്‍ ആവശ്യമായ അളവില്‍ ഇരുമ്പ് ഉണ്ടാവണം. ഇത് നിങ്ങളുടെ കണ്ണുകള്‍, മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചോളത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
ചോളത്തില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി ഘടകങ്ങള്‍, തയാമിന്‍, നിയാസിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വളര്‍ച്ച സുഗമമാക്കുന്നതിന് സഹായിക്കുന്നു. ചോളത്തിലെ തയാമിന്‍ ശരീരത്തെ നാഡീ ആരോഗ്യവും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിലെ നിയാസിന്‍ ഡിമെന്‍ഷ്യ, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു.
ചോളം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ബീറ്റാ കരോട്ടിന്‍ ലഭിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്നു. ഇത് കാഴ്ചയ്ക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്.
ചോളത്തില്‍ പഞ്ചസാര വളരെ കുറവാണ്. കൂടാതെ കലോറിയും കുറവാണ്. ഇത് കഴിക്കുന്നതിലൂടെ വയര്‍ നിറഞ്ഞതായും തോന്നുന്നു. ചോളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
STORY HIGHLIGHTS: Health Benefits of Corn