മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (MSC) ‘ഡെയ്‌ലാ’ എന്ന മദര്‍ഷിപ്പ് ഇന്ന് വിഴിഞ്ഞം തീരത്തെത്തി. വിഴിഞ്ഞത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ എം എസ് സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പലുകൂടിയാണിത്. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിന് 13,988 കണ്ടെയ്നര്‍ വഹിക്കാനുള്ള ശേഷിയുണ്ട്. മൗറീഷ്യസില്‍ നിന്നും മുംബൈ തുറമുഖത്ത് എത്തിച്ചേർന്ന കപ്പൽ ഇന്നലെയാണ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം എംഎസ്സിയുടെ തന്നെ ഫീഡർ കപ്പൽ അടുത്ത ആഴ്ചയെത്തി അവ ചെറു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. നാളെ കപ്പൽ ശ്രീലങ്കയിലേക്ക് പുറപ്പെടും. എം.എസ്.സി.യുടെ ഫീഡര്‍ കപ്പലും അടുത്തയാഴ്ച എത്തും. 294.12 മീറ്റര്‍ നീളവും 32.2 മീറ്റര്‍ വീതിയും 4738 ടി.ഇ.യു. വാഹകശേഷിയുമുള്ള എം.എസ്.സി. അഡു-5 എന്ന ഫീഡര്‍ കപ്പലാണ് എത്തുന്നത്. മദര്‍ഷിപ്പുകള്‍ എത്തിയ ശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയതിന് ശേഷമായിരിക്കും വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുക. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്നറുകളായിരുന്നു ഉണ്ടായത്.
ഇതോട് കൂടി രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
Content Highlights; 2nd mothership in Vizhinjam Port, MSC Deila