ബംഗ്ലാദേശും പാകിസ്താൻ തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും കഴിയാതെയാണ് ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിച്ചത്. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ബംഗ്ലാദേശ് 1-0ന് മുന്നിലാണ്. പരമ്പര നഷ്ടം ഒഴിവാക്കാൻ പാകിസ്താന് രണ്ടാം മത്സരത്തിൽ വിജയം അനിവാര്യമാണ്.
മത്സരം സമനിലയാകുകയോ വിജയിക്കുകയോ ചെയ്താൽ രണ്ട് ടെസ്റ്റുകളുടെ പരമ്പര ബംഗ്ലാദേശിന് സ്വന്തമാക്കാം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പാകിസ്താനെതിരെ പരമ്പര വിജയം സ്വന്തമാക്കുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. ആദ്യ ടെസ്റ്റിൽ പാകിസ്താനെതിരെ 10 വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്താനെ തോൽപ്പിച്ചത്.
ബംഗ്ലാദേശിനെതിരായ പരാജയത്തിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. മധ്യനിരയിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. രണ്ടാം ടെസ്റ്റിനുള്ള ടീമിൽ പേസർ ഷഹീൻ ഷാ അഫ്രീദിയെ ഒഴിവാക്കിയാണ് പാകിസ്താൻ കളത്തിലിറങ്ങുന്നത്.