അപകടകരമായ ചരക്കുകൾ രണ്ട് ദിവസത്തിനകം തുറമുഖങ്ങളിൽ നിന്ന് നീക്കണമെന്ന് സൗദി തുറമുഖ അതോറിറ്റി. നാൽപ്പത്തിയെട്ട് മണിക്കൂറിനകം ചരക്കുകൾ കൊണ്ട് പോകാതിരുന്നാൽ കാർഗോ ഹാൻഡ്‌ലിംഗ് ഏജൻസികൾക്ക് ഭീമമായ തുക പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം.
തീപിടിക്കാൻ സാധ്യതയുള്ള അപകടകരമായ ചരക്കുകൾ രാജ്യത്തെ തുറമുഖങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെയാണ് പുതിയ നിർദ്ദേശം. ഇത്തരം ചരക്കുകൾ പരമാവധി നാൽപത്തിയെട്ട് മണിക്കൂറിൽ കൂടുതൽ തുറമുഖങ്ങളിൽ സൂക്ഷിക്കാൻ പാടില്ല. ചരക്ക് കണ്ടൈനറുകൾ ഉടൻ നീക്കണമെന്ന് കാർഗോ ഹാൻഡ്‌ലിംഗ് ഏജൻസികൾക്ക് സൗദി പോർട്ട് അതോറിറ്റി നിർദ്ദേശം നൽകി.
നിർദ്ദേശം പാലിക്കാത്ത ഏജൻസികളിൽ നിന്ന് ഭീമൻ തുക പിഴയായി ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. മുൻകൂർ അനുമതിയില്ലാതെ തീ പിടിക്കുന്ന ചരക്കുകൾ കൊണ്ട് പോകുന്നതിന് വിലക്കുണ്ട്. മതിയായ രേഖകളുള്ള ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിന് കപ്പൽ പുറപ്പെടുന്നതിൻറെ 48 മണിക്കൂർ മുമ്പ് മാത്രമേ അനുമതി ലഭ്യമാകൂ. ഉയർന്ന ചൂടും തുറമുഖങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് പുതിയ നിർദ്ദേശം.