Saudi Arabia

സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകൾ

സൗദിയിൽ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിയിൽ 95.5 ശതമാനം വർദ്ധനവാണുണ്ടായിട്ടുള്ളത്

സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകളെന്ന് വാണിജ്യ മന്ത്രാലയം. നാൽപത്തി നാലായിരം ബൈക്കുകളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്ഷണ ഉത്പന്ന ഡെലിവറിക്കായാണ് ഇത്രയധികം ബൈക്കുകൾ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുൾപ്പെടെ രാഷ്ട്രങ്ങൾക്കാണ് ഇതിന്റെ നേട്ടം.

മുമ്പെങ്ങുമില്ലാത്ത വിധം സൗദി നഗരങ്ങളിലെ തെരുവുകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾ കയ്യടക്കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2023-ൽ, സൗദി അറേബ്യയിലെ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിയിൽ 95.5% ഉയർന്നു. 61,000 മോട്ടോർസൈക്കിളുകളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. ഒരു വർഷം കൊണ്ട് ഇത്തരത്തിൽ വളർച്ച ആദ്യമാണ്.

ചൈന, ഇന്ത്യ, ജപ്പാൻ, അമേരിക്ക, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇവ ഇറക്കുമതി ചെയ്യുന്നത്. ഫുഡ് ഡെലിവറി സേവനങ്ങൾക്ക് ആവശ്യമായ മോട്ടോർസൈക്കിളുകളുടെ ഉപയോഗം ഡിമാന്റ് കൂട്ടി. ബൈക്കുകളുടെ അമിത ഉപയോഗം സുരക്ഷാ പ്രശ്നങ്ങൾക്കും ഇടയാക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണങ്ങളും ചട്ടങ്ങളും ഉടൻ വരുമെന്നും വാണിജ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.