തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ. രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽ എത്തിയാണ് ജാവഡേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവിൽ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറയുകയായിരുന്നു.