കൊടുങ്ങല്ലൂർ നിന്നു ശിൽപ്പികളെ കൊണ്ടുവന്നു പണിയിച്ച കോവിലകം | Ayeran Nazhi Kovilakam

കോവിലകത്തിന് ഏകദേശം ഒന്നരനൂറ്റാണ്ടിന്റെ പഴക്കം കണക്കാക്കുന്നു

ഇത്‌ ആയിരനാഴി കോവിലകം-(ആയിരനാഴി കോവിലകം,മങ്കട കോവിലകം, അരിപ്ര, കടന്നമണ്ണ എന്നീ കോവിലകങ്ങളിൽ വച്ചുള്ളതിൽ വയസ്സിനു മൂത്ത തമ്പുരാനെയാണു വള്ളുവനാടിന്റെ രാജാവായി,വള്ളുവകോനാതിരിയായി തിരഞ്ഞെടുക്കുക) ആയിരനാഴി എന്ന പേരിന്‌ കാരണമായി എന്ന് ഇന്നും വിശ്വസിച്ചു പോരുന്ന കാലത്തിനു മായ്ക്കാൻ കഴിയാത്ത പ്രതാപത്തിന്റെ അടയാളം.വർഷങ്ങൾക്കു മുമ്പ്‌ ദിവസവും ആയിരംനാഴി വെച്ചുവിളമ്പി ഊട്ടിയിരുന്ന പാരമ്പര്യമുണ്ടായിരുന്ന കോവിലകമായിരുന്നു . അതു കൊണ്ടായിരുന്നു ആയിരനാഴി കോവിലകം എന്ന പേരു വന്നത്‌. പോരാത്തതിനു സമ്പന്നതയുടെ കാര്യത്തിലും കൃഷിയുടെ കാര്യത്തിലും ,ഇവർ മുൻപന്തിയിലായിരുന്നു. അതൊക്കെ കൊണ്ടാവാം ആയിരനാഴി എന്ന പേരുവന്നത്‌. പണ്ടുകാലത്ത്‌ ഇവിടെ അത്താഴപട്ടിണിക്കാർക്കായി ഭോജനശാലയെല്ലാം കെട്ടി ഭക്ഷണം കൊടുത്തിരുന്നുവത്രെ.

 

ഏകദേശം എണ്ണൂറിലധികം പഴക്കം കാണും ആയിരനാഴി കോവിലക പരമ്പരയ്ക്ക്‌. വള്ളുവകോനാതിരിയുടെ ആദ്യവും ആസ്ഥാനവും കടന്നമണ്ണയായിരുന്നു. ഇതിൽ നിന്നു പലകാലത്തായി പിരിഞ്ഞു പോന്നു മങ്കട , ആയിരനാഴി, അരിപ്ര,എന്നീ കോവിലകങ്ങൾ ഉണ്ടായി.ഏതാണു ആദ്യം പിരിഞ്ഞു പോയത്‌ എന്നതിനു രേഖകളില്ലാ. മാത്രമല്ലാ ഈ നാലുകോവിലകങ്ങളും സ്ഥിതി ചെയ്യുന്നത്‌ ഏതാണ്ട്‌ അഞ്ചു നാഴിക ചുറ്റളവിലുള്ള സമീപപ്രദേശങ്ങളിലാകുന്നു.പ്രതാപകാലത്തിന്റെ തിരുശേഷിപ്പുകള്‍ കുറെയൊക്കെ അവശേഷിച്ചിട്ടുള്ള വള്ളുവനാട്ടിലെ കോവിലകമാണ് ആയിരനാഴികോവിലകം.

 

കോവിലകത്തിനു ഏകദേശം ഒന്നരനൂറ്റാണ്ടിന്റെ പഴക്കം കണക്കാക്കുന്നു.തൊട്ടടുത്തുതന്നെയുള്ള കെട്ടിടത്തിനു ,പത്തായപ്പുരയ്ക്ക്‌ 70വര്‍ഷത്തെ പഴക്കമുണ്ട്.അഞ്ച് ഏക്രയോളം വരുന്ന പ്രദേശത്ത് 40സെന്റ് സ്ഥലത്താണ് ആയിരനാഴികോവിലകം സ്ഥിതിചെയ്യുന്നത്.26മുറികളും അടുക്കള,വരാന്ത,രണ്ടുനടുമുറ്റങ്ങള്‍,തെക്കിനി എന്നിവയടങ്ങിയ എട്ട് കെട്ടായാണ് കോവിലകം നിര്‍മ്മിച്ചിരിക്കുന്നത്.1904 ആണു ഈ കാണുന്ന കോവിലകം പണിപൂർത്തിയായത്‌. സാക്ഷാൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ കൊച്ചുണ്ണി തമ്പുരാന്റെ പ്ലാനിൽ , അവർ രണ്ട്‌ പേരും ആയിരനാഴിയിൽ വന്നു താമസിച്ച്‌ കൊടുങ്ങല്ലൂർ നിന്നു ശിൽപ്പികളെ കൊണ്ടുവന്നാണു ഈ കോവിലകം നിർമ്മിച്ചിരിക്കുന്നത്‌.നമ്പൂതിരിമാര്‍ തന്നെയാണ് കോവിലകത്തിനു വേണ്ടി കൊത്തുപണികള്‍തീര്‍ത്തത്.ഇവിടുത്തെ വാസ്തുവിദ്യ കാണെണ്ടതു തന്നെയാണു . മാപ്പിളലഹളക്കാലത്ത്‌ അക്രമികൾ ഇവിടുത്തെ വാതിലുകൾ ഇടിച്ചു പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലാ. അത്രയ്ക്കു ഗംഭീരാണു ഇവിടുത്തെ മരപ്പണികൾ.രണ്ടുനടുമുറ്റത്തിൽ ഒരു നടുമുറ്റം വളരെ വലിപ്പമേറിയതാണു . അവിടെ വച്ചാണു ഇവിടുത്തെ അംഗങ്ങളുടെ വിവാഹം നടക്കുക.

കോവിലകം ക്ഷേത്രത്തിലും തെക്കിനിയിലും തിരുമാന്ധാം കുന്നിലമ്മയാണ് പ്രതിഷ്ഠ.മുന്‍ഭാഗത്ത് അരികിലായി കുളിപ്പുരയോടുകൂടിയ കുളം ഉണ്ട്‌ ഏകദേശം എൺപത്‌ വർഷങ്ങൾക്കു മുന്നെ കൊല്ലംങ്കോട്‌ രാജാവ്‌ ആയിരനാഴി സന്ദർശ്ശിക്കാൻ വന്നപ്പോൾ, അദ്ദേഹത്തിനു കുളത്തിലെ കുളി നിബന്ധനയിൽ ഉള്ളതിലാനും , 15 ദിവസത്തിനുള്ളിൽ വെട്ടുകെല്ല്ലാൽ പടുത്തുണ്ടാക്കിയ കുളമാണിത്‌.കോവിലകത്തിനു മുന്നിലൂടെ തോടു ഒഴുകുന്നുണ്ട്‌ . തോടിനോട്‌ ചേർന്ന് കുളപ്പുരയും ഉണ്ടാക്കിയിട്ടുണ്ട്‌. കുളം നിർമ്മിക്കുന്നതിനു മുന്നും അവിടെയായിരുന്നു കോവിലകത്തുള്ളവരുടെ നീരാട്ട്‌.തോടിനു കുറുകെ കോവിലകത്തെ ബന്ധിച്ചു നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിർമ്മിച്ച ഇരുമ്പു പാലമുണ്ട്‌.പ്രതാപകാലത്ത് പന്ത്രണ്ടാനകളും നിരവധിസ്ഥലങ്ങളും ഉണ്ടായിരുന്നു.ആയിരനാഴി കോവിലകത്ത്‌ നിന്നു ഒരുപാട്‌ പ്രസിദ്ധരായ ഭരണാധികാരികൾ / വള്ളുവകോനാതിരിമാർ ഉണ്ടായിരുന്നു. സംസ്കൃത വിദ്ദ്വാനും കവിയുമായിരുന്ന ശ്രീ പൊന്നുണ്ണി രാജ,അതു പോലെ ആതുരസേവനരംഗത്തെ ഇതിഹാസമായിരുന്ന നന്മയുടെ മനുഷ്യരൂപമായിരുന്ന തമ്പുരാൻ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. ശ്രീ എ.സി.കെ രാജ , തുടങ്ങിയവർ ഈ ആയിരനാഴി കോവിലകത്തു നിന്നുള്ള പ്രസിദ്ധരായ വള്ളുവകോനാതിരിമാർ ആയിരുന്നു. ശ്രീ എ സി ഉദയവർമ്മ രാജയായിരുന്നു ആയിരനാഴികോവിലകത്ത്‌ നിന്നുള്ള അവസാനത്തെ വള്ളുവകോനാതിരി. ഇപ്പോഴത്തെ വള്ളുവകോനാതിരി മങ്കടകോവിലകത്തെ ശ്രീ എം.സി. കുഞ്ഞുണ്ണി രാജയാണു.ഋതുഭേദം,1921,എന്നെന്നും കണ്ണേട്ടന്റെ എന്നീ സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്‌.