ആരോപണത്തിൽ മുകേഷ് എംഎൽഎ രാജിവെക്കേണ്ടതില്ലെന്നും അതേസമയം സിനിമ സമിതിയിൽനിന്ന് ഒഴിവാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർച്ചയായി നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇന്ത്യയിലാദ്യമായാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല. കേസ് അന്വേഷണത്തിൽ എംഎൽഎ എന്ന നിലയിൽ യാതൊരു ആനുകൂല്യവും നൽകില്ല. നീതി എല്ലാവർക്കും ലഭ്യമാകണം. ഏത് ഉന്നതനായാലും ഇതാണ് പാർട്ടി നിലപാട്. കുറ്റകൃത്യം തെളിഞ്ഞാൽ ആവശ്യമായ നിലപാട് സ്വീകരിക്കും. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള മുറവിളി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുമായി ചർച്ച ചെയ്ത് കോൺക്ലേവ് സംഘടിപ്പിക്കും. നിയമനിർമ്മാണത്തിന്റെ കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിരുന്നു. 2020 ഫെബ്രുവരി 19 ന് ഇക്കാര്യം ആവശ്യപ്പെട്ട് ഹേമ കത്ത് നൽകിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് അവർ കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മിഷൻ അത് പുറത്തുവിടേണ്ടില്ലെന്ന് പറഞ്ഞത്.
കോൺക്ലേവിനെതിരെ ചിലർ നിലപാടെടുത്തു. എന്നാൽ സിനിമാ കോൺക്ലേവ് നടത്തും. ഇക്കാര്യത്തിൽ എല്ലാവരുമായും ചർച്ച നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി ഉള്ളതും ഇല്ലാത്തതുമായ പരാതികൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്. ഇപ്രകാരം 11 എണ്ണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നില്ല. ഭരണപക്ഷ എംഎൽഎക്കെതിരായ പരാതിയിലും കേസെടുത്ത് മുന്നോട്ട് പോകുന്ന സർക്കാരാണിത്. രാജ്യത്തിന് തന്നെ മാതൃകയായ സമീപനമാണ് കേരള സർക്കാരിന്റേത്.