തമിഴ്നാട് – കർണാടക അതിർത്തിയിലെ സത്യമംഗലം കാട്ടിലൂടെ മൈസൂർക്കുള്ള യാത്രയിൽ 27 ഹെയർപിൻ വളവുകളാണുള്ളത്. കണ്ണിനും മനസ്സിനും മനോഹാരിത നിറയ്ക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര അതിമനോഹരമായ ഒരു അനുഭവം തന്നെയാണ്. സത്യമംഗലം കാടിനെ കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കാടിനെ കിടുകിടെ വിറപ്പിച്ച വീരപ്പനെ ആയിരിക്കും. കാടിന്റെയും റോഡിന്റെയും മനോഹാരിത കഴിഞ്ഞാൽ ഈ റോഡിനെ വ്യത്യസ്തമാക്കുന്നത് വഴിയോരത്തുള്ള കമ്പക്കൂൾ കച്ചവടക്കാരും മത്സ്യ കച്ചവടക്കാരും ധാന്യ കച്ചവടക്കാരുമൊക്കെയാണ്. ഈ റോഡിലൂടെ പോകുമ്പോൾ ബണ്ണാരിയമ്മൻ കോവിൽ കാണാം, ഈ കോവിലിന്റെ അപ്പുറവും ഇപ്പുറവും കച്ചവടക്കാരെ കാണാൻ സാധിക്കും.
റസ്റ്ററൻ്റുകളിൽ പൊതുവേ കാണാത്ത ഒരു ആഹാര വിഭവമാണ് കമ്പക്കൂഴ് . സാധാരണക്കാരുടെ ധാന്യമായി അറിയപ്പെടുന്ന ബജ്റ വേവിച്ച് കഞ്ഞി പോലെയാക്കി ചെറിയുള്ളിയും കറിവേപ്പിലയുമൊക്കെ ചതച്ച് മോര് ചേർത്ത് വലിയ കുടത്തിലാക്കി വയ്ക്കുന്നതാണ് ഈ വിഭവം. ഇതിനൊപ്പം കോമ്പിനേഷൻ ആയി വരുന്നത് വറ്റലുകളാണ്. . ആവശ്യക്കാർക്ക് ചെറിയ മൺകുടത്തിലോ സ്റ്റീൽ ഗ്ലാസുകളിലോ ആയി ഇത് നല്കും. വളരെ തുച്ഛമായ വിലയേയുള്ളൂ.
ഇവിടെ മനസ്സ് നിറയ്ക്കുന്ന മറ്റൊരു കാഴ്ചയാണ് ഭവാനി നദിയിൽ പണികഴിപ്പിച്ചിട്ടുള്ള 16 കിലോമീറ്ററോളം നീളം വരുന്ന ഭവാനിസാഗർ ഡാം. മറ്റേതൊരു ഡാമിനെയും പോലെ മത്സ്യ സമ്പത്ത് കൊണ്ട് സമ്പന്നമായ ഈ ഡാം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഈ ഡാമിലെ മത്സ്യങ്ങളെ പിടിച്ച് മുളകും മസാലയും പുരട്ടി വിൽക്കാൻ വെച്ചിരിക്കുന്ന നിരവധി തട്ടുകടകൾ ഡാമിന് പരിസരത്തെ റോഡിന് ഇരുവശവുമായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ആവശ്യക്കാർക്ക് ഈ മത്സ്യങ്ങൾ വറുത്തും നല്കും. ധാരാളം ഉണക്കമീനുകളും ഇവർ ഇവിടെ കച്ചവടം ചെയ്യുന്നുണ്ട് . അതും ഡാമിൽ നിന്നുള്ളത് ആണ്.
ചുറ്റുമുള്ള കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്ന വിഭവങ്ങൾ നേരിട്ട് വിൽക്കുന്ന ഒരു രീതിയും ഇവിടെ കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ വളരെ ഫ്രഷ് ആയിട്ടുള്ള ധാന്യങ്ങൾ വിൽക്കുന്ന ചില ധാന്യ കച്ചവടക്കാരെയും ഈ വഴിക്ക് ഇരുവശവുമായി കാണാം. ഈ ധാന്യങ്ങൾ അര കിലോയുടെയും ഒരു കിലോയുടെയുമൊക്കെ പായ്ക്കുകളിലാക്കിയാണ് വില്പന നടത്തുന്നത് . പരിപ്പ്, പലതരം പയർ വർഗ്ഗങ്ങൾ, കടല, ചാമ, ചോളം എന്നിങ്ങനെ നമ്മൾ കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ ധാരാളം ധാന്യങ്ങൾ ഇവർ ഇവിടെ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കാഴ്ചയാണ് ചെണ്ടുമല്ലിപ്പാടം. അതിമനോഹരമായ ഒരു അനുഭവം തന്നെയാണ് ഈ പാടം.
story highlight;Tamil Nadu-Karnataka border